കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ്; ബീമുകള്‍ സ്ഥാപിക്കാൻ തുടങ്ങി
text_fieldsകുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തൂണുകള്‍ക്ക്
മുകളില്‍ ബീമുകള്‍ സ്ഥാപിക്കുന്നു
ആനക്കര: കുമ്പിടി കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമാണം പുരോഗമിക്കുന്നു. കുമ്പിടി കാങ്കപ്പുഴക്കടവ് ഭാഗത്ത് രണ്ട് വരികളിലായി 10 പ്രധാനപ്പെട്ടത് ഉൾപ്പെടെ 20 തൂണുകള്‍ ഉയര്‍ന്നുകഴിഞ്ഞു. നിലവിൽ തൂണുകള്‍ക്ക് മുകളിലെ ബീമുകളുടെ (ഗര്‍ഡറുകള്‍) നിര്‍മാണ പ്രവര്‍ത്തികളാണ് നടക്കുന്നത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് പാലത്തിന്റെ തൂണുകള്‍ക്ക് മുകളിലേക്ക് വലിയ ബീമുകള്‍ ഉയര്‍ത്തുന്നത്. ഇതിനുശേഷം മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് ജോലികള്‍ ആരംഭിക്കും. അതിനാല്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നാലും ഇനി ജോലികള്‍ തടസ്സപ്പെടില്ല.
ജി.എസ്.ടിക്ക് പുറമെ 102.72 കോടി രൂപക്കാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം എറണാകുളത്തെ കമ്പനി ഏറ്റെടുത്തത്. 418 മീറ്റര്‍ നീളം വരുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഇരുഭാഗത്തും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും 30 ഷട്ടറുകളും ഉണ്ടാകും. കുമ്പിടി കാങ്കക്കടവില്‍ 1350 മീറ്റര്‍ നീളത്തിലും കുറ്റിപ്പുറം കാങ്കപ്പുഴക്കടവില്‍ 730 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡുകളും ഇതോടൊപ്പം നിര്‍മിക്കും. റോഡ് വീതി കൂട്ടുന്ന ഭാഗങ്ങളില്‍ നിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ കണക്ക് പ്രകാരമുള്ള വില ലഭിക്കും. ചില ഭാഗങ്ങളില്‍ മാത്രമാണ് റോഡ് നിമാണത്തിന് സ്ഥലം ആവശ്യമായി വരുന്നുള്ളൂ. പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം.