കൂട്ടുകാരെ മരണം കവര്‍ന്നത് നീന്തൽ പഠനമെന്ന മോഹത്തിനൊടുവിൽ
text_fieldsജഗന്, സായൂജ്
ആനക്കര: പതിവുപോലെ ഫുട്ബാള്‍ പരിശീലനത്തിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർഥികള്‍ വഴിമാറിയത് മരണത്തിലേക്ക്. കാല്പന്തുകളി പ്രേമം നെഞ്ചേറ്റിയ ഇരുവരും കൂട്ടുകാരുമൊത്ത് പരിശീലനത്തിനായി കുമരനെല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടിലേക്ക് പോയിരുന്നു. എന്നാല്‍, മടക്കം കുളത്തിലൊന്ന് നീന്താമെന്ന മോഹമാണ് ഒടുവില്‍ നാടിന്റെ നൊമ്പരമായത്. പട്ടിത്തറ പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് ഒതളൂര്‍ കൊമ്മാത്ര കോളനിയിലാണ് മരിച്ച ജഗനും സായൂജും. ഏവര്‍ക്കും ഏറെ പ്രിയരായിരുന്നു ഇരുവരും. എന്നാല്‍, ഈ സൗഹൃദത്തിന് സുദീര്‍ഘമായൊരു കാലം വിധികല്പ്പിച്ചു നല്‍കിയില്ലെന്ന കാര്യം വിശ്വസിക്കാന്‍ കോളനിവാസികളില്‍ പലരും തയാറല്ല.
കുടുംബങ്ങളുടെ അത്താണിയാവേണ്ടവര്‍ നേരത്തേ കാലയവനികക്കുള്ളില്‍ മറഞ്ഞു എന്നത് ഈ കുടുംബങ്ങൾക്ക് താങ്ങാവുന്നതിനപ്പുറമാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കല്ലടത്തൂര്‍ വലിയത്രകുളത്തില്‍ ചളിയില്‍ പൂഴ്ന്ന് രണ്ട് വിദ്യാർഥികള്‍ മരിച്ചത്.
രണ്ട് വിദ്യാർഥികള്‍ കുളത്തിൽ മുങ്ങിമരിച്ചു
ആനക്കര: അവധിദിവസം കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാന്‍ പോയ വിദ്യാർഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താല ഒതളൂര്‍ പുളിഞ്ചോടില്‍ തേവര്‍പറമ്പില്‍ മധുവിന്റെ മകന് ജഗന് (16), കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകന് സായൂജ് (16) എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. കപ്പൂര്‍ കല്ലടത്തൂര്‍ വലിയത്ര കുളത്തില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തം. അയല്‍വാസികളായ ഇരുവരും മറ്റ് ആറുപേരുമൊത്താണ് കുളത്തില്‍ പോയത്. ചളിയില്‍ പൂണ്ട ഒരാളെ രക്ഷിക്കാന്‍ മറ്റൊരാൾ ശ്രമിച്ചതോടെ രണ്ടുപേരും വെള്ളത്തിൽ മുങ്ങുകയായിരുന്നു. മറ്റുള്ളവരെ നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. സുമിഷയാണ് ജഗന്റെ മാതാവ്. സഹോദരങ്ങൾ: സ്നേഹൻ, ദയാൽ. സായൂജിന്റെ മാതാവ്: പ്രീന. സഹോദരി: സുപ്രിയ. ഇരുവരുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച സംസ്കരിക്കും.