പള്ളങ്ങാട്ടുചിറ കുളം നവീകരണത്തിന് രണ്ട് കോടി
text_fieldsപള്ളങ്ങാട്ടുചിറ ചിറ കുളം
ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ പ്രധാന ജലാശയമായ പള്ളങ്ങാട്ടുചിറ കുളത്തിന്റെ നവീകരണത്തിന് രണ്ടു കോടി വകയിരുത്തി. ബജറ്റില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് തൃത്താല മണ്ഡലത്തിലെ പ്രധാന കുളങ്ങളില്‍ ഒന്നായ ചിറ കുളത്തിന് തുക വകയിരുത്തിയത്.
കഴിഞ്ഞ കാലങ്ങളില്‍ പഞ്ചായത്ത് ഫണ്ടുകളില്‍നിന്ന് തുച്ചമായ തുക വകയിരുത്തിയിരുന്നെങ്കിലും, ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനാസ്ഥമൂലം ഫണ്ട് പാഴാവുകയായിരുന്നു.
കുളത്തിന്റെ നവീകരണത്തില്‍നിന്ന് പഞ്ചായത്തും ജനപ്രതിനിധികളും പിന്തിരിഞ്ഞുനിന്നപ്പോള് പ്രദേശവാസികള്‍ പരസ്യ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സമയം എം.ബി. രാജേഷ് സ്ഥലം സന്ദര്‍ശിക്കുകയും, വിജയിച്ചാല്‍ കുളത്തിന്റെ നവീകരണം ഉറപ്പാണെന്നും വാക്ക് നല്‍കിയിരുന്നു.
നവീകരണം പൂര്‍ത്തിയായാല്‍ പ്രദേശ വാസികളായ കപ്പൂര്‍ - ചാലിശ്ശേരി പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കും, പള്ളങ്ങാട്ടുചിറ പ്രദേശത്തെ കാര്‍ഷിക ജലസേചനത്തിനും, പരിസരത്തെ സ്കൂളുകളിലെ വിദ്യാർഥികള്‍ക്ക് ഉൾപ്പെടെ നീന്തല്‍പരിശീലനത്തിന് പ്രയോജനകരമാവും.