താരാട്ടുപാട്ടുയരാതെ...; ഹൈടെക് അമ്മത്തൊട്ടിൽ ഫയലിൽ ഒതുങ്ങി
text_fieldsപാലക്കാട് വനിത - ശിശു ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചിരുന്ന സ്ഥലം
പാലക്കാട്: ജില്ല വനിത - ശിശു ആശുപത്രിയിൽ അമ്മത്തൊട്ടിൽ ഓർമയാകുന്നു. ആരാലും സംരക്ഷിക്കപ്പെടാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളെ സർക്കാറിന് കീഴിൽ സുരക്ഷിതമായി സംരക്ഷിക്കുന്ന പദ്ധതിയാണ് അമ്മത്തൊട്ടിൽ. വനിത - ശിശു ആശുപത്രിയുടെ പ്രവേശന കവാടത്തിന്റെ ഇടത്തേ അറ്റത്ത് സ്ഥാപിച്ചിരുന്ന അമ്മത്തൊട്ടിലിന്റെ അലാറവും വാതിലും തകരാറായതോടെ 2014ൽ പ്രവർത്തനരഹിതമാവുകയായിരുന്നു.
കെട്ടിടത്തിനും കേടുപാട് സംഭവിച്ചതിനാൽ പഴയ അമ്മത്തൊട്ടിൽ മാറ്റി ആധുനിക രീതിയിൽ സ്ഥാപിക്കാൻ 2019ൽ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ, പദ്ധതി നാലു വർഷങ്ങൾക്കിപ്പുറവും ഫയലിലാണ്. ജില്ല പഞ്ചായത്തിന് കീഴിലാണ് വനിത - ശിശു ആശുപത്രിയെങ്കിലും ഫണ്ട് വിനിയോഗവും സാങ്കേതിക തടസ്സങ്ങളുമെല്ലാം പുതിയ അമ്മത്തൊട്ടിൽ സ്ഥാപിക്കലിന് തടസ്സമായി.
ഇത് പ്രവർത്തനക്ഷമമാക്കാനായി 2021ൽ നടപടികളാരംഭിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. പുതിയ അമ്മത്തൊട്ടിൽ സ്ഥാപിക്കേണ്ട ചുമതല ശിശുക്ഷേമ സമിതിക്കാണ്.
ജില്ലയിൽ തന്നെ സ്ഥാപിച്ച പ്രഥമ അമ്മത്തൊട്ടിൽ കൂടിയായിരുന്നു വനിതാ - ശിശു ആശുപത്രിയിലേത്. ഇവിടേക്ക് പ്രവേശിക്കാൻ ആശുപത്രി കോമ്പൗണ്ടിൽനിന്നും പ്രധാന റോഡിൽനിന്നും ചെറിയ ഗേറ്റുകളുണ്ടെങ്കിലും ഇവ രണ്ടും വർഷങ്ങളായി പൂട്ടിയിട്ട നിലയിലാണ്. പ്രതിദിനം നൂറുക്കണക്കിന് ഗർഭിണികളും അമ്മമാരും കുട്ടികളുമെത്തുന്ന വനിതാ - ശിശു ആശുപത്രിയിൽ അമ്മത്തൊട്ടിലിനെപ്പറ്റി ആർക്കുമറിയാത്ത സ്ഥിതിയാണ്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ സ്ഥാപിക്കുന്ന പുതിയ അമ്മത്തൊട്ടിലുകളിൽ കാമറയുള്ളതിനാൽ കുഞ്ഞിനെ കിടത്തുന്നതോടെ കുഞ്ഞിന്റെയും ഉപേക്ഷിക്കുന്നവരുടെയുമടക്കം ചിത്രങ്ങൾ ആശുപത്രി അധികൃതർക്ക് ലഭിക്കും.
ഇതര വിവരങ്ങളിൽ സ്വകാര്യത ഉറപ്പാക്കുമെങ്കിലും കുഞ്ഞിന്റെ ഭാരമടക്കമുള്ള വിവരങ്ങൾ അപ്പോൾ തന്നെ ലഭിക്കുന്ന മുറക്ക് ഇവ കൃത്യമായി അധികൃതർക്ക് സൂക്ഷിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

