ഞാറ്റുപാട്ട് മാറിനിന്നു, പാടശേഖരങ്ങളിൽ മുഴങ്ങുന്നത് 'തമിഴ് തിരൈ പട പാടൽകൾ'
text_fieldsഅമ്പലപ്പാറ പാടശേഖരത്തിൽ ഞാറു പറിക്കുന്ന തമിഴ് തൊഴിലാളികൾ
ഒറ്റപ്പാലം: തദ്ദേശീയ തൊഴിലാളികൾക്കൊപ്പം ഞാറ്റുപാട്ടും മാറിനിന്നപ്പോൾ പാടശേഖരങ്ങളിൽ മുഴങ്ങുന്നത് 'തിരുപ്പറം കുണ്ഡ്രത്തിൽ നീ ശിരിത്താൽ മുരുകാ....' എന്നിങ്ങനെയുള്ള 'തമിഴ് തിരൈ പട പാടൽകൾ'. നാട്ടിൻപുറത്തെ പ്രാദേശിക തൊഴിലാളികളുടെ ക്ഷാമം മൂലം നെട്ടോട്ടമോടി തളർന്ന കർഷകർക്ക് ഏറെ അനുഗ്രഹമാണ് തമിഴ് തൊഴിലാളികളുടെ വരവ്.
കോവിഡ് കാലം കൂടിയായതോടെ തൊഴിലാളി ക്ഷാമം ഇരട്ടിയായിരുന്നു. ഞാറ് പറിച്ചുനടൽ പ്രതിസന്ധിയിലായ ഘട്ടത്തിൽ തമിഴ്നാട്ടിൽനിന്ന് കാർഷികവൃത്തി അറിയാവുന്ന തൊഴിലാളി സംഘം ഒറ്റപ്പാലത്ത് എത്തിയതാണ് കർഷകർക്ക് ആശ്വാസമായത്. കാലം തെറ്റിയാൽ ഞാറുപറിയും രണ്ടാം വിളയും അവതാളത്തിലാകുമെന്ന ആധിയാണ് ഇതോടെ ഇല്ലാതായത്.
ഇടനിലക്കാർ മുഖേന എത്തുന്ന തൊഴിലാളികളിൽ എട്ടും പത്തും പേർ ഇറങ്ങിയാണ് ഞാറുപറിയും നടീലും നടത്തുന്നത്. ഒരേക്കറിന് 4500-5500 രൂപയാണ് കരാർ തുക. പത്ത് പേരടങ്ങുന്ന സംഘം ഒരു ദിവസം രണ്ടേക്കറിലേറെ സ്ഥലത്ത് ഞാറുനടീൽ നടത്തുമെന്ന് ഇവർ അവകാശപ്പെട്ടു. കൂലിയിലും ആശ്വാസമുള്ളതായി കർഷകർ പറയുന്നു. നടീൽ യന്ത്രങ്ങളെ ആശ്രയിക്കാൻ സൗകര്യമില്ലാത്ത കർഷകർക്കാണ് തമിഴ് തൊഴിലാളികളുടെ വരവ് അനുഗ്രഹമാകുന്നത്.
പ്രാദേശിക സ്ത്രീ തൊഴിലാളിക്ക് 600 രൂപ കൂലി നൽകാൻ തയാറായിട്ടും ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. പുരുഷ തൊഴിലാളികളെ ഞാറുനടീലിൽനിന്ന് ഒഴിവാക്കുന്നത് കൂടിയ കൂലി കണക്കിലെടുത്താണ്. പഴയ തലമുറയിലെ ഏതാനും പേർ മാത്രമാണ് കൃഷിപ്പണിക്കിറങ്ങുന്നത്. മുഴുവൻ കർഷകർക്കും ഒരേസമയം ഇവരെ തന്നെ ആശ്രയിക്കേണ്ടി വരുന്നതാണ് തൊഴിലാളി ക്ഷാമം രൂക്ഷമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

