മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം; ജനജാഗ്രത സമിതികൾ കാര്യക്ഷമമാക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം
text_fieldsവനം മന്ത്രി എ.കെ. ശശീന്ദ്രന്റെ കത്ത് വനം വകുപ്പ് ജീവനക്കാർ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുല്ല
അൻസാരിക്ക് കൈമാറുന്നു
അലനല്ലൂർ: മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ജനജാഗ്രത സമിതികൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര പ്രദേശങ്ങളുമായി ബന്ധപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണം, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ എന്നിവ ഉറപ്പ് വരുത്തുകയാണ് പ്രധാന ദൗത്യം. ഇതിനായി മലയോര മേഖലകൾ ചേർന്നുനിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വനം വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണം.
പത്ത് വിഷയാധിഷ്ഠിത മിഷനുകളാണ് ഇതിന് വേണ്ടി വനം വകുപ്പ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ജനജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക, വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ വനം വകുപ്പിന്റെ ആർ.ആർ.ടി എത്തുന്നതുവരെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി പഞ്ചായത്ത് നിർദേശിച്ച സന്നദ്ധ സംഘടനയെ ഏകോപിപ്പിക്കുക, വനാതിർത്തിയിൽ സ്ഥാപിക്കുന്ന സോളാർ വേലികളുടെ സംരക്ഷണത്തിനായി പൊതുജനങ്ങളുടെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണം ഉറപ്പാക്കുക, കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസുള്ള ഷൂട്ടർമാരുടെ സേവനം ലഭ്യമാക്കുക, ഗോത്രവർഗ ഉന്നതികളിലുള്ളവരെ ഉൾപ്പെടുത്തി ശിൽപശാല നടത്തുക, ജനവാസ മേഖലയിൽ നാടൻ കുരങ്ങുകളുടെ ശല്യങ്ങൾ ഇല്ലാതിരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഉൾപ്പെടുത്തി പദ്ധതി തയാറാക്കുക, സർപ്പ ആപ്പിന്റെ സേവനം ജനങ്ങളിലെത്തിക്കുക തുടങ്ങിയ നിരവധി തീരുമാനങ്ങളാണ് പഞ്ചായത്ത് ഭരണസമിതികൾക്ക് മന്ത്രി അറിയിച്ചത്.
അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുല്ല അൻസാരിക്ക് വനം വകുപ്പ് ജീവനക്കാർ മന്ത്രിയുടെ കത്ത് കൈമാറി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബഷീർ പടുകുണ്ടിൽ, വനം വകുപ്പ് ജീവനക്കാരായ ഇംബ്രോസ്, ഏലിയാസ്, നവാസ്, വി. വിഷ്ണു, വി. രാജേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

