മലയോര പ്രദേശങ്ങളിലെ തെരുവ് വിളക്കുകളിൽ വള്ളിപ്പടർപ്പുകൾ
text_fieldsപിലാച്ചോല കിളയപ്പാടം റോഡിൽ പിലാച്ചോല മദ്റസക്ക് സമീപം തെരുവ് വിളക്കിൽ വള്ളിപ്പടർപ്പ് മൂടിയ നിലയിൽ
അലനല്ലൂർ: ഉപ്പുകുളം മലയോര പ്രദേശങ്ങളിലെ വൈദ്യുതി കാലുകളിൽ വള്ളിപ്പടർപ്പുകൾ കയറി. ചില തെരുവ് വിളക്കുകൾ വള്ളികൾ മൂടിയ നിലയിലായിട്ടുണ്ട്. പ്രദേശത്ത് ആന, പുലി, കടുവ, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടായതിനെ തുടർന്ന് വനം വകുപ്പും ഗ്രാമ പഞ്ചായത്തും തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു.
തെരുവ് വിളക്കുകളിൽ വള്ളി പടർന്നതോടെ വിളക്കിൽ നിന്നുള്ള പ്രകാശം ചുറ്റുപാടുകളിൽ ഇല്ലാതായി. ഇതോടെ വന്യമൃഗങ്ങൾ റോഡിലൂടെയും മറ്റു ഭാഗങ്ങളിലും വരുന്നത് കാണാൻ പറ്റാത്ത സാഹചര്യമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം പ്രദേശത്തുകാരുടെ നിരവധി പരാതിയെ തുടർന്നാണ് ചൂളി, ഓടക്കളം, മുണ്ടകുളം, കിളയപ്പാടം, പിലാച്ചോല, കപ്പി, ചോലമണ്ണ്, പൊൻപാറ, ഓലപ്പാറ, മലയിടിഞ്ഞി, താന്നിക്കുന്ന്, ചളവ, കല്ലംപള്ളിയാൽ, പടിക്കപ്പാടം എന്നീ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
റോഡിലൂടെ കടന്ന് പോകുന്ന കാട്ടുപന്നികളിൽ തട്ടി നിരവധി തവണയാണ് വാഹനങ്ങൾ അപകടങ്ങളിൽപെട്ടിട്ടുള്ളത്. ചിലർ മരണപ്പെടുകയും പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകളിലെ ടച്ചിങ് കരാർ എടുക്കുന്നവർ ശരിയായ രീതിയിൽ പ്രവൃത്തി നടത്താത്തതാണ് വള്ളികളും മരക്കൊമ്പുകളും വൈദ്യുത ലൈനുകളിൽ തട്ടുന്നതിന് കാരണമെന്ന് പ്രദേശത്തുകാർ കുറ്റപ്പെടുത്തി.
പ്രദേശത്തുകാർ ഗ്രാമ പഞ്ചായത്ത് അംഗത്തിനോടും പരാതി അറിയിക്കുകയും വൈദ്യുത വകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പരിഹാരമുണ്ടായിട്ടില്ല. പുലർച്ചെ റബർ തോട്ടങ്ങളിലേക്ക് പോകുന്ന ടാപ്പിങ് തൊഴിലാളികളാണ് വന്യജീവികളുടെ ആക്രമണത്തിന് കൂടുതലായും ഇരയാകാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

