ഉച്ചഭക്ഷണ പദ്ധതി താളം തെറ്റുന്നു; ആശങ്കയോടെ പ്രധാനാധ്യാപകർ
text_fieldsപ്രതീകാത്മക ചിത്രം
അലനല്ലൂർ: ഹാജർ സൈറ്റ് പ്രവർത്തിക്കാത്തതും ചെലവഴിച്ച ഫണ്ട് രണ്ട് മാസത്തിലേറെയായി ലഭിക്കാത്തതും സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലാക്കുന്നു. കഴിഞ്ഞ മാസം അഞ്ച് മുതൽ പദ്ധതിയുടെ വെബ്സൈറ്റ് തകരാറിലാണ്. കുട്ടികളുടെ ഹാജർ രേഖപ്പെടുത്തേണ്ടത് ഇതിലാണ്. ഇത് കേന്ദ്ര ഏജൻസിയുമായി കണക്ട് ചെയ്താണ് ഫണ്ട് അനുവദിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ മറ്റ് കണക്കെടുപ്പുകളും ഈ വെബ്സൈറ്റ് വഴിയാണ് ചെയ്യുന്നത്.
ഈ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് അധ്യാപകർക്ക് ലഭിച്ച വിവരം. എന്നാൽ, പരിഹാര നടപടികളൊന്നും പത്ത് ദിവസമായി ഇല്ല. വെബ്സൈറ്റ് തകരാർ പരിഹരിക്കാൻ ഐ.ടി സെല്ലുമായി സംസാരിച്ചിട്ടുണ്ടെന്നാണ് മറുപടി ലഭിച്ചത്. 23ന് ക്രിസ്മസ് അവധിക്കായി സ്കൂൾ അടക്കുകയാണ്. അതിനാൽ ഡിസംബറിലെ കണക്ക് കൃത്യസമയത്ത് നൽകാൻ പ്രയാസം നേരിടും.രണ്ട് മാസത്തെ ചെലവുകളുടെ തുക ഇതുവരെ പ്രധാനാധ്യാപകർക്ക് ലഭിച്ചിട്ടില്ല. പല പ്രധാനാധ്യാപകരും വായ്പ വാങ്ങിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
പാചക തൊഴിലാളികളുടെ രണ്ട് മാസത്തെ ഓണറേറിയവും കൊടുത്തിട്ടില്ല. ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര സർക്കാർ 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വിഹിതം അനുവദിക്കുന്നത്. ഇതിന് പുറമേ സംസ്ഥാന സർക്കാർ സ്പെഷൽ ന്യൂട്രിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച കുട്ടികൾക്കുള്ള ബിരിയാണിയടക്കമുള്ള പ്രത്യേക ഉച്ചഭക്ഷണം ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാൽ മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
ഉച്ചഭക്ഷണ പോർട്ടൽ: പരാതി പരിഹരിക്കണം- കെ.പി.എസ്.ടി.എ
പാലക്കാട്: സ്കൂളുകളിലെ ഉച്ചഭക്ഷണ പോർട്ടൽ പണിമുടക്കിയിട്ട് രണ്ടാഴ്ചയായ സാഹചര്യത്തിൽ പ്രധനാധ്യാപകരുടെ ആശങ്ക പരിഹരിക്കമെന്ന് കെ.പി.എസ്.ടി.എ റവന്യൂ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷാജി. എസ്. തെക്കേതിൽ അധ്യക്ഷത വഹിച്ചു. ബിജു ജോസ്, ജി. രാജലക്ഷ്മി, രമേഷ് പാറപ്പുറം, നസീർ ഹുസൈൻ, കെ. ഷംസുദ്ദീൻ, കെ. ശ്രീജേഷ്, പി.കെ. ഹരിനാരായണൻ, വി. രാജീവ്, പി.എസ്. മീരാൻ ഷാ, സി. സജീവൻ, പി. മുരളീധരൻ, സതീഷ്. എൻ, കെ. ശ്രീജിത്, എം. സുമേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

