ശുചിത്വ പരിശോധന; കർക്കിടാംക്കുന്നിൽ രണ്ട് ഹോട്ടലുകൾ പൂട്ടി
text_fieldsകർക്കിടാംക്കുന്നിലെ ഹോട്ടലിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു
അലനല്ലൂർ: ശുചിത്വ പരിശോധനയുടെ ഭാഗമായി ആരോഗ്യ വകുപ്പ് കർക്കിടാംക്കുന്നിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഹോട്ടലുകൾക്ക് അടച്ചിടാൻ നോട്ടിസ് നൽകി. മലിനമായ സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾ സൂക്ഷിക്കുകയും പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തുകയും ചെയ്ത ഹോട്ടൽ മെക്ക, ഉണ്ണിയാൽ എന്നിവക്കാണ് അടച്ചിടാൻ നിർദേശം നൽകിയത്.
വിവിധ സ്ഥാപനങ്ങളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച പൊറോട്ട മാവ്, പാൽ, മത്സ്യം, കോഴിയിറച്ചി, പഴകിയ ബേക്കറി സാധനങ്ങൾ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. കരിമ്പ് ജ്യൂസിൽ ചേർക്കാൻ സൂക്ഷിച്ച മലിനമായ ഐസും പിടികൂടി. മെഡിക്കൽ ഫിറ്റ്നസ് സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ഷംസുദ്ദീൻ, കെ.സുരേഷ്, വി.എസ്. അജിത, അനുഷ, ശരണ്യ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

