തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ കാട്ടാന ശല്യം; വൈദ്യുതി തൂക്കുവേലി നിർമാണം തുടങ്ങി
text_fieldsതിരുവിഴാംകുന്ന് കന്നുകാലി ഫാമിന് ചുറ്റും വൈദ്യുതി തൂക്കുവേലിക്കുള്ള തൂൺ നിർമാണം പുരോഗമിക്കുന്നു
അലനല്ലൂർ: കാട്ടാനശല്യം ഇല്ലാതാക്കാൻ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിന് ചുറ്റും വൈദ്യുതി തൂക്കുവേലി നിർമാണം പുരോഗമിക്കുന്നു. 20 ലക്ഷം രൂപയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയിട്ടുള്ളത്. രണ്ട് കിലോമീറ്റർ ദൂരം കുഴിയെടുത്ത് കോൺക്രീറ്റ് ചെയ്ത് തൂണുകൾ സ്ഥാപിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കേരള വെറ്ററിനറി സർവകലാശാലയിലെ ഇൻഫ്രാസ്ട്രക്ച്ചർ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നര മാസം കൊണ്ട് നിർമാണം പൂർത്തിയാകാനാണ് ലക്ഷ്യം. തൂക്കുവേലിക്കുള്ള വൈദ്യുത കണക്ഷൻ ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രത്തിന് 400 ഏക്കറോളം ഭൂ വിസ്തൃതിയുണ്ട്. ഇവിടേക്ക് കാട്ടാനകളെത്തുന്നത് പതിവായതോടെയാണ് വേലി നിർമാണം. ഫാമിനകത്ത് കാട് വളർന്നുനിൽക്കുന്ന ഭാഗത്താണ് കാട്ടാനകൾ തമ്പടിക്കാറുള്ളത്. സൈലൻറ് വാലി മലയോരങ്ങളിൽനിന്ന് കരടിയോട് അമ്പലപ്പാറ ഭാഗങ്ങളിൽക്കൂടി ഇറങ്ങി ജനവാസ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വെള്ളിയാർ പുഴ കടന്നാണ് ഫാമിനകത്തേക്ക് ആനകൾ പ്രവേശിക്കാറ്.
ചക്ക, വാഴ, തെങ്ങ്, പന എന്നിവയാണ് ആനകളെ ഇവിടേക്ക് ആകർഷിക്കുന്നത്. ആനകൾ ഫാമിന് സമീപത്തെ സ്വകാര്യ കർഷകരുടെ കൃഷി നശിപ്പിക്കുന്നതിനാൽ നാട്ടുകാരും, ഫാം, വനം വകുപ്പ് ജീവനക്കാരും സംയുക്തമായി ആനകളെ വനത്തിലേക്ക് വിരട്ടി ഓടിക്കാറുണ്ട്. എന്നാൽ, ഒന്നോ, രണ്ടോ ദിവസങ്ങൾക്ക് ശേഷം ഫാമിലേക്ക് തിരിച്ച് വരാറാണ് പതിവ്. നാല് മാസം മുമ്പാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. എന്നാൽ, ഫാമിന് അരികെയുള്ള മരങ്ങളും മറ്റും മുറിക്കാൻ വനം വകുപ്പിന്റെ അനുമതി കിട്ടാൻ വൈകിയതാണ് വേലി നിർമാണം നീളാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

