പോസ്റ്റ്മാന്റെ വീട്ടിൽ കെട്ടിക്കിടന്നതിൽ ആധാർ മുതൽ എ.ടി.എം കാർഡ് വരെ
text_fieldsനെന്മാറ: അയിലൂർ ഹെഡ് പോസ്റ്റ് ഓഫിസിന് കീഴിലെ കയറാടി പയ്യാങ്കോട്ടിലെ ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽനിന്ന് തപാലുകൾ ലഭിക്കുന്നില്ലെന്ന പരാതി പ്രകാരം പോസ്റ്റ്മാന്റെ വീട് പരിശോധിച്ചപ്പോൾ കണ്ടെടുത്ത കെട്ടുകണക്കിന് തപാൽ ഉരുപ്പടികളിൽ പ്രധാന രേഖകളും. നിരവധി ആധാർ കാർഡുകൾ, ചെക്ക് ബുക്ക്, പാൻ കാർഡ്, എ.ടി.എം കാർഡുകൾ, രജിസ്റ്റേഡ് കത്തുകൾ എന്നിവ കണ്ടെടുത്തു.
പുതുക്കിയ ആധാറുകൾ ലഭിച്ചില്ലെന്ന അന്വേഷണത്തിലാണ് നൂറോളം വിതരണം ചെയ്യാത്ത ആധാർ കാർഡുകൾ പോസ്റ്റ്മാനിൽനിന്ന് കണ്ടെടുത്തത്. മേൽവിലാസക്കാർക്ക് വിതരണം ചെയ്യാത്ത കെട്ടുകണക്കിന് മാസികകളും വാരികകളും കണ്ടെടുത്തു. തപാൽ ഉരുപ്പടികൾ വ്യാഴാഴ്ച രാവിലെ മുതൽ കയറാടി പോസ്റ്റ് ഓഫിസിൽനിന്ന് നേരിട്ട് വിതരണം നടത്തി. ഇതിനായി രണ്ട് ജീവനക്കാരെ അധികമായി വിട്ടുകൊടുത്തു. വിവരമറിഞ്ഞതോടെ ബുധനാഴ്ച പോസ്റ്റ് ഓഫിസിൽ നാട്ടുകാരുടെ തിരക്കായിരുന്നു.

