സ്ഥിരം പൊലീസ് സേവനമില്ലാതെ ടൗൺ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റ്
text_fieldsപാലക്കാട്: നഗരസഭ ടൗൺ ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ സ്ഥിരമായി പൊലീസ് സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം. രാപ്പകൽ ഭേദമെന്യേ നൂറുക്കണക്കിന് ബസുകളും യാത്രക്കാരും വന്നുപോവുന്ന ബസ് സ്റ്റാൻഡിലാണ് പൊലീസിന്റെ സേവനം വല്ലപ്പോഴും മാത്രമായത്. നഗരസഭ കോംപ്ലക്സിന്റെ താഴെ തന്നെ എയ്ഡ് പോസ്റ്റിനായി സ്ഥലമനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെ മേശയും കസേരയുമുണ്ടെന്നല്ലാതെ പൊലീസുകാർ വല്ലപ്പോഴും മാത്രമാണ് എത്തുക. ആദ്യകാലങ്ങളിൽ സ്ഥിരം പൊലീസുകാർ ഉണ്ടായിരുന്നിടത്താണ് ഈ ദുരവസ്ഥ. പൊലീസുകാരുടെ സാന്നിധ്യമില്ലാതായതോടെ എയ്ഡ് പോസ്റ്റ് മുൻവശം ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ഏരിയയായി മാറി. സ്റ്റാൻഡിൽ വല്ലപ്പോഴുമെത്തുന്ന പിങ്ക് പൊലീസ് വാഹനം അൽപനേരം നിർത്തിയിടാറുണ്ട്. എയ്ഡ് പോസ്റ്റ് നവീകരണം നടത്തേണ്ട സമയവും അതിക്രമിച്ചു കഴിഞ്ഞു. പൊലീസുകാരില്ലാതായതോടെ യാത്രക്കാരും യുവാക്കളും എയ്ഡ് പോസ്റ്റ് കൈയടക്കുന്ന സ്ഥിതിയാണ്. സ്റ്റേഡിയം സ്റ്റാൻഡിൽ പഴയ എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റി വൈഫൈ സൗകര്യത്തോടെ പുതിയത് സ്ഥാപിച്ചപ്പോൾ ടൗൺ സ്റ്റാൻഡിലേത് പഴയപടി തുടരുകയാണ്. മോഷ്ടാക്കളും സാമൂഹികവിരുദ്ധരും കൂടുതൽ താവളമാക്കുന്ന ബസ് സ്റ്റാൻഡുകളിൽ സുരക്ഷക്കായി എയ്ഡ് പോസ്റ്റിൽ സ്ഥിരം പൊലീസ് വേണമെന്ന ജനകീയാവശ്യം ശക്തമാണ്.

