കാട്ടാന ആക്രമണം: ഭർത്താവിന് മുന്നിൽ ഭാര്യക്ക് ദാരുണാന്ത്യം
text_fieldsഅഗളി: കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. അട്ടപ്പാടി പ്ലാമരം ഇ.എം.എസ് കോളനിയിൽ ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് (45) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. രാത്രി വീടിന് മുന്നിലെ മരങ്ങൾ ഒടിയുന്ന ശബ്ദം കേട്ടാണ് ശിവരാമനും മല്ലീശ്വരിയും വീടിന് പുറത്തിറങ്ങിയത്. ശിവരാമൻ വീടിന് മുന്നിലേക്ക് പോയപ്പോൾ പിന്നിലെ വഴിയിലൂടെ എത്തിയ ആന വീടിന് മുന്നിൽ നിന്ന മല്ലീശ്വരിയെ ചുറ്റിയെടുത്ത് നിലത്തിട്ട് ചവിട്ടി.
ആന വരുന്നത് കണ്ട ശിവരാമൻ ഭാര്യയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ആക്രമണം അതിവേഗമായതിനാൽ ഫലം കണ്ടില്ല. ബഹളം കേട്ട് പ്രദേശവാസികളും ബന്ധുക്കളും ഓടിക്കൂടി തുരത്താൻ ശ്രമം നടത്തിയെങ്കിലും ആന അവർക്കുനേരെ തിരിയുകയും ഇവർ ഓടി അടുത്ത വീടുകളിൽ അഭയം തേടുകയുമായിരുന്നു. പൊലീസും വനപാലകരും എത്തിയാണ് ആനയെ തുരത്തിയത്. സംഭവത്തെ തുടർന്ന് ജനക്കൂട്ടം മണ്ണാർക്കാട് അന്തർസംസ്ഥാന പാത ഉപരോധിച്ചു.

