വനംവകുപ്പ് വാച്ചറെ രണ്ടാം ദിവസവും കണ്ടെത്താനായില്ല
text_fieldsഅഗളി: സൈലന്റ് വാലിയിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജനു വേണ്ടിയുള്ള തിരച്ചിൽ രണ്ടാം ദിവസവും ഫലം കണ്ടില്ല. ചൊവ്വാഴ്ച രാത്രിയിലാണ് സൈരന്ധ്രിയിലെ ക്യാമ്പ് ഷെഡിന് സമീപത്ത് രാജനെ കാണാതായത്. 10 ദിവസത്തെ ഡ്യൂട്ടിക്ക് പോയ രാജനെ എട്ടാം ദിവസമാണ് കാണാതായത്. ചൊവ്വാഴ്ച രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് വാച്ച് ടവറിന് സമീപമുള്ള റൂമിലേക്ക് പോയതായിരുന്നു. പിറ്റേന്ന് രാവിലെയാണ് സഹപ്രവർത്തകർ രാജനെ കാണാതായ വിവരം അറിയുന്നത്.
ക്യാമ്പ് ഷെഡിന് 20 മീറ്റർ അകലെ രാജന്റെ ചെരിപ്പും ടോർച്ചും കണ്ടിരുന്നു. ഇതിനു 50 മീറ്റർ അകലെയായി ഉടുമുണ്ടും കണ്ടു കിട്ടി. ഉടുമുണ്ട് ലഭിച്ചതിനു സമീപത്തെ പുല്ല് പിടിച്ച് വലിച്ച് പറിച്ച നിലയിൽ കണ്ടെത്തി. കടുവയോ പുലിയോ പോലുള്ളവയുടെ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കാനായി പുല്ലിൽ പിടിച്ചതാകാം എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. രാജനെ കാണാതായ ക്യാമ്പ് ഷെഡിന് സമീപത്ത് കടുവയുടെ സാന്നിധ്യം ഉള്ളതാണ്. പാലക്കാട് നിന്നുള്ള ഡോഗ് സ്ക്വാഡ് അടക്കമുള്ള നൂറംഗ സംഘമാണ് വനത്തിൽ തിരച്ചിൽ നടത്തിയത്. സ്ഥിരമായി ജീവനക്കാർ താമസിക്കുന്ന ക്യാമ്പ് ഷെഡുകൾക്ക് സമീപം നിരീക്ഷണ കാമറ സ്ഥാപിക്കാൻ തയാറാകാതിരുന്നത് വനം വകുപ്പിന്റെ അനാസ്ഥയാണന്ന് ആക്ഷേപമുണ്ട്. നാളെ വീണ്ടും തിരച്ചിൽ തുടരും.