ശിങ്കമ്പാറ ഊരുകാർ ആവശ്യപ്പെട്ടു, മൊബൈൽ ഫോണും ഭക്ഷ്യക്കിറ്റുകളുമായി പ്രസിഡൻറ് എത്തി
text_fieldsശിങ്കമ്പാറ ഊരിൽ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഷോളയൂർ പഞ്ചായത്ത് പ്രസിഡൻറ് പി. രാമമൂർത്തി ഉദ്ഘാടനം ചെയ്യുന്നു
അഗളി: ഷോളയൂർ പഞ്ചായത്തിലെ വിദൂര പ്രദേശമായ ശിങ്കമ്പാറയിലെ ഊരുകാർ ദുരിതത്തിലാണെന്ന് അറിയിച്ചതിനെ തുടർന്ന് ഭക്ഷ്യവസ്തുക്കളും കുട്ടികൾക്ക് പഠിക്കാൻ മൊബൈൽ ഫോണുമായി പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും എത്തി.
ശിങ്കമ്പാറയിൽ 38 കുടുംബങ്ങളിലായി 96 പേരാണ് അധിവസിക്കുന്നത്. ലോക്ഡൗണിന് പുറമെ മഴ കൂടി അധികരിച്ചതോടെ ഊരുകാർ ദുരിതത്തിലായി.
മധുര പലഹാരങ്ങളും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും അടങ്ങുന്ന മൂന്ന് കിറ്റുകളാണ് ഓരോ കുടുംബത്തിനും നൽകിയത്. ഷോളയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പാതി ശമ്പളം ഉപയോഗിച്ചാണ് കിറ്റുകൾ വിതരണം നടത്തിയത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത മൂന്ന് കുട്ടികൾക്ക് ആദ്യ ഘട്ടമായി മൊബൈൽ ഫോണും നൽകി.
പഞ്ചായത്ത് പ്രസിഡൻറ് പി. രാമമൂർത്തി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലതാകുമാരി, പഴനിസ്വാമി, ശാലിനി, വേലമ്മാൾ, കൽപന തുടങ്ങിയവർ സംസാരിച്ചു. ഇവർക്കൊപ്പം എത്തിയ ആരോഗ്യ പ്രവർത്തകർ രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വിതരണം നടത്തി.