അട്ടപ്പാടിയിൽ പുഴയോരങ്ങളിൽ പൂത്തുലഞ്ഞ് ആറ്റുവഞ്ചികൾ
text_fieldsശിരുവാണിപ്പുഴയോരത്ത് ആറ്റുവഞ്ചികൾ പൂത്തപ്പോൾ
അഗളി: ആറ്റുവഞ്ചികൾ പൂത്തുലഞ്ഞ് ഹൃദയഹാരികളായി അട്ടപ്പാടിയുടെ പുഴയോരങ്ങൾ. പുഴയുടെ ഓളങ്ങളിൽ പൂക്കൾ വീണൊഴുകുന്ന കാഴ്ച കാണാൻ പ്രദേശവാസികളടക്കം നിരവധി പേരാണ് എത്തുന്നത്. പുഴയുടെ തീരങ്ങളെ ഹരിതാഭമാക്കുന്ന ആറ്റുവഞ്ചികൾ വംശനാശ ഭീഷണി നേരിടുകയാണെന്ന് വിദഗ്ധർ പറയുന്നു. അട്ടപ്പാടിയിലെ ഭവാനിയിലും ശിരുവാണിയിലും തീരങ്ങളിൽ സജീവമായിരുന്ന ആറ്റുവഞ്ചികൾ പതിയെ അപ്രത്യക്ഷമാവുകയാണ്. ഭവാനിയിൽ വലിയ തോതിൽ ഇവ നശിച്ചുപോയി.
ശിരുവാണിയിൽ ഒറ്റപ്പെട്ട തുരുത്തുകളിൽ അവശേഷിക്കുന്നുണ്ട്. ആറ്റുവഞ്ചി മാത്രമല്ല ഭവാനിയിലും ശിരുവാണിയിലും ധാരാളമുണ്ടായിരുന്ന 'മത്തി'മരങ്ങളും അപൂർവമായതായി പ്രദേശവാസികൾ പറയുന്നു. മിക്കയിടത്തും വില്ലനായതാവട്ടെ അനധികൃത കൈയേറ്റങ്ങളും. തീരങ്ങളിൽ കൈയേറ്റം വ്യാപകമായതോടെ പക്ഷികളുടെയും ജീവികളുടെയും ആവാസ കേന്ദ്രമായിരുന്ന നിരവധി ചെടികളും മരങ്ങളും പുഴത്തീരങ്ങളിൽനിന്ന് അപ്രത്യക്ഷമായതായി നാട്ടുകാർ പറയുന്നു. ആറ്റുവഞ്ചി തണലിലെ തണുത്ത ജലത്തിലാണ് ചില മത്സ്യങ്ങൾ പ്രജനനം നടത്തുന്നത്.
ആറ്റുവഞ്ചികൾ ഇല്ലാതാകുന്നതോടെ അത്തരം മത്സ്യങ്ങളും അപ്രത്യക്ഷ്യമാകും. ഭവാനിയിലെയും ശിരുവാണിയിലെയും ജലദൗർലഭ്യത്തിന് പിന്നിലും കൈയേറ്റമാണ് വില്ലൻ.