അട്ടപ്പാടിയിൽ വീണ്ടും മാവോവാദി സാന്നിധ്യം
text_fieldsഅഗളി: അട്ടപ്പാടിയിൽ വീണ്ടും മാവോവാദി സാന്നിധ്യം. പുതൂർ പട്ടണക്കൽ ഭാഗത്താണ് ആയുധധാരികളായ മൂന്നംഗ മാവോവാദികൾ എത്തിയതായി പറയുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ഇവർ പട്ടണക്കൽ ഊരിനടുത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലും രാത്രി 11.30ഓടെ പട്ടണക്കൽ ആദിവാസി ഊരിലും എത്തിയതായാണ് പറയുന്നത്.
ഊരിൽനിന്ന് പലചരക്ക് സാധനങ്ങളും അരിയും വാങ്ങിയ ശേഷം കാട്ടിലേക്ക് മടങ്ങി.സൈലൻറ്വാലി മലനിരകളിലേക്കും നീലഗിരി കുന്നുകളിലേക്കും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന പ്രദേശമാണ് പട്ടണക്കൽ മേഖല. ഒരിടവേളക്കുശേഷം തുടർച്ചയായി രണ്ടാം തവണയാണ് അട്ടപ്പാടിയിൽ മാവോവാദി സാന്നിധ്യം ഉണ്ടായതായി പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചിറ്റൂരിനടുത്ത് കട്ടേക്കാട് പ്രദേശത്തെ ബാലചന്ദ്രൻ എന്നയാളുടെ വീട്ടിലും ആയുധധാരികളായ മൂന്നംഗ മാവോവാദി സംഘമെത്തിയിരുന്നു.

