അട്ടപ്പാടിയിൽ വിദ്യാർഥികൾക്ക് യൂനിഫോം തുന്നാൻ പണമില്ല; വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsപാലക്കാട്: യൂനിഫോം ഇല്ലാത്തതിനാൽ അട്ടപ്പാടി മേഖലയിലെ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ സാധിക്കാതിരുന്ന വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമീഷൻ. കുട്ടികൾ സ്കൂളിൽ പോകുന്നത് ഉറപ്പുവരുത്താൻ പ്രമോട്ടർമാരെ ചുമതലപ്പെടുത്തി. ഭാവിയിൽ പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾ സ്കൂളിൽ പോകാത്ത സാഹചര്യം ഉണ്ടാകരുതെന്ന് കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കർശന നിർദേശം നൽകി. അധ്യയനവർഷം ആരംഭിക്കുമ്പോൾ തന്നെ എല്ലാ എസ്.ടി വിദ്യാർഥികളും സ്കൂളിൽ പോകുന്നതായി ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെയും ഐ.ടി.ഡി.പിയുടെയും ഏകോപനം ഉണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു.
അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ പട്ടികവർഗ വിഭാഗത്തിലുള്ള സ്കൂൾ കുട്ടികൾക്ക് ലഭിച്ച സൗജന്യ സ്കൂൾ യൂനിഫോമിന്റെ തയ്യൽകൂലി നൽകാൻ രക്ഷകർത്താക്കൾക്ക് കഴിയാത്തതിനാലാണ് കുട്ടികളുടെ പഠനം മുടങ്ങിയത്. രക്ഷാകർത്താക്കൾക്ക് തൊഴിലുറപ്പ് വേതനം ലഭിക്കാത്തതു കാരണം തയ്യൽകൂലി നൽകാൻ കഴിഞ്ഞില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ അടിയന്തരമായി വേതനം നൽകാൻ ജില്ല കലക്ടർക്ക് നിർദേശം നൽകി.
ജൂലൈ 20ന് കമീഷൻ പാലക്കാട് നടത്തിയ സിറ്റിങ്ങിൽ ജില്ല കലക്ടറുടെ പ്രതിനിധിയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറും പഞ്ചായത്ത് സെക്രട്ടറിമാരും ഹാജരായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഷോളയൂർ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം തൊഴിൽ ചെയ്ത 832 പട്ടികവർഗ ഗുണഭോക്താക്കൾക്ക് നൽകാനുണ്ടായിരുന്ന 55,44,466 രൂപ ഇക്കഴിഞ്ഞ ജൂൺ 24ന് കൈമാറിയതായി റിപ്പോർട്ടിൽ പറയുന്നു.
അഗളി, പുതൂർ ഗ്രാമപഞ്ചായത്തുകളും തൊഴിലുറപ്പ് വേതന കുടിശ്ശിക പൂർണമായി നൽകിയതായും പഞ്ചായത്ത് സെക്രട്ടറിമാർ സമർപ്പിച്ച റിപ്പോർട്ടുകളിലുണ്ടായിരുന്നു. യൂനിഫോം തുന്നാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളുടെ വിവരശേഖരണം പ്രമോട്ടർമാർ വഴി യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.
പട്ടികവർഗ വികസന വകുപ്പ് മുഖേന പ്രത്യേക പദ്ധതിയായി ഇത് ഏറ്റെടുക്കാൻ പ്രോജക്ട് ഓഫിസർക്ക് ഷോളയൂർ, പുതൂർ പഞ്ചായത്തുകൾ കത്ത് നൽകിയിട്ടുണ്ട്.അട്ടപ്പാടി മേഖലയിലെ കുട്ടികൾക്ക് യൂനിഫോം ഇല്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാത്തത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

