വീടിന്റെ സൺഷേഡ് തകർന്ന് കുട്ടികളുടെ മരണം; അപകടമല്ലിത്, അനാസ്ഥ
text_fieldsമരിച്ച കുട്ടികളെ അവസാനമായി ഒരുനോക്ക് കാണാൻ കരുവാര ഉന്നതിയിൽ എത്തിയവർ
അഗളി: അട്ടപ്പാടിയിൽ കഴിഞ്ഞദിവസം പാതിപണി കഴിഞ്ഞ വീടിന്റെ സൺഷേഡ് തകർന്ന് രണ്ട് കുട്ടികൾ മരിക്കുകയും ഒരുകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനാസ്ഥയുണ്ടെന്നാരോപിച്ച് കുടുംബം. 2015-16ൽ അട്ടപ്പാടി ട്രൈബൽ സെറ്റിൽമെന്റ് പ്രൊജക്ട് വഴി അനുവദിച്ച വീടിന്റെ സൺഷേഡ് തകർന്നായിരുന്നു അപകടം. മുക്കാലിയിലെ പ്രധാന റോഡിൽനിന്നും നാല് കിലോമീറ്റർ ഉള്ളിലേക്ക് വനാതിർത്തി പങ്കിടുന്ന ഉന്നതിയാണ് കരുവാര.
പരിക്കേറ്റ കുട്ടികളെയും കൊണ്ട് സ്കൂട്ടിയിലാണ് ഉന്നതിയിൽനിന്നും താഴേക്ക് വന്നത്. അവിടെനിന്നും വനം വകുപ്പിന്റെ ജീപ്പിലാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. പ്രമോട്ടറേയും വാർഡ് അംഗത്തേയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് മരിച്ച കുട്ടികളുടെ അമ്മ ദേവി പ്രതികരിച്ചു. നാല് വയസ്സുകാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൂത്ത മകൻ ശ്വാസം വിട്ടിരുന്നു, സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കൃത്യസമയത്ത് വാഹനം ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷെ മൂത്ത മകനെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനേ എന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.
കരുവാര ഉന്നതിയിൽ മാത്രം ഇത്തരത്തിൽ വീടുപണി പാതിവഴിയിൽ നിർത്തിവെച്ച എട്ടോളം വീടുകളുണ്ടെന്ന് ഉന്നതിയിലുള്ളവർ പറയുന്നു. അട്ടപ്പാടിയിൽ പല ഉന്നതികളിലും ഇത്തരത്തിൽ പാതി പൂർത്തിയാക്കാത്ത ഭവനങ്ങൾ ഉണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു. കെട്ടിടനിർമാണ സാമഗ്രികൾ അട്ടപ്പാടിക്ക് പുറമേനിന്ന് കൊണ്ടുവരേണ്ടതിനാലും ഹൈറേഞ്ച് ആയതിനാൽ അധിക വാടക വാഹനങ്ങൾക്ക് കൊടുക്കേണ്ടി വരുന്നതിനാലും സർക്കാർ അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന് നാട്ടുകാർ പറയുന്നു.
അപകടം സംഭവിച്ച വീടിന് 2015ൽ 332000 രൂപ അനുവദിച്ചിട്ടുണ്ട്. ഗഡുക്കളായി ഓരോ ഘട്ടങ്ങൾ പൂർത്തിയാക്കുന്നതനുസരിച്ചാണ് തുക കൈമാറുകയെന്നും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസർ സാദിഖ് അലി പ്രതികരിച്ചു. 10 വർഷമായി പണി മുടങ്ങിക്കിടക്കുന്ന ഉന്നതിയിലെ ഭവനങ്ങളെക്കുറിച്ച് ഈ അപകടത്തോടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

