ഷോക്കേറ്റ് ചെരിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചു
text_fieldsഅട്ടപ്പാടിയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചെരിഞ്ഞ കാട്ടാന
അഗളി: അട്ടപ്പാടിയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചെരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ്മോർട്ട നടപടികൾക്കുശേഷം സംസ്കരിച്ചു. വൈദ്യുതി ലൈനിൽ നിന്നേറ്റ ഷോക്കാണ് മരണകാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പുതൂർ പഞ്ചായത്തിലെ താഴെ അബ്ബന്നൂർ ഗുണ്ടുകൽ ആദിവാസി ഊരിനുള്ളിലാണ് 20 വയസ്സുള്ള കൊമ്പനാനയെ ശനിയാഴ്ച പുലർച്ച ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ആനക്ക് ഷോക്ക് ഏറ്റതെന്നാണ് കരുതുന്നത്. ഇവിടെ വൈദ്യുതി ലൈൻ വളരെ താഴ്ന്ന നിലയിലാണ്. നിലത്തുനിന്ന് രണ്ടര മീറ്റർ മാത്രം ഉയരത്തിലാണ് വൈദ്യുതി ലൈൻ കടന്നുപോയിരുന്നത്. ഇതാണ് ആനക്ക് ഷോക്ക് ഏൽക്കാൻ കാരണമായെതന്ന് ഊരുവാസികൾ പറയുന്നു.
വെള്ളിയാഴ്ച രാത്രി പ്രദേശത്ത് ആനക്കൂട്ടം ഇറങ്ങിയിരുന്നു. ഷോക്കേറ്റ കൊമ്പൻ മാത്രമാണ് കോളനിക്കുള്ളിലേക്ക് പ്രവേശിച്ചത്. ആനക്കൂട്ടം പ്രദേശത്ത് വൻ കൃഷിനാശം വരുത്തിയിട്ടുണ്ട്. കാലങ്ങളായി പ്രദേശത്ത് സ്വൈരവിഹാരം നടത്തിയിരുന്ന കാട്ടുകൊമ്പനാണ് വൈദ്യുതാഘാതത്തിൽ ചെരിഞ്ഞത്. വൈദ്യുതി ലൈനിന്റെ ഉയരം കുറവാകാനുള്ള കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ആനയുടെ ജഡം ഊരിനുള്ളിൽനിന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 200 മീറ്റർ അകലേക്ക് പോസ്റ്റ്മോർട്ടത്തിന് മാറ്റിയിരുന്നു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ട നടപടി പൂർത്തീകരിച്ചത്. പുതൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.വി. ബിജു, അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുമേഷ്, െഡപ്യൂട്ടി റേഞ്ചർമാരായ സി.എം. മുഹമ്മദ് അഷറഫ്, കെ. സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.