മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി; മൂന്ന് പഞ്ചായത്തുകൾ നിരീക്ഷണ മേഖല
text_fieldsപാലക്കാട്: മുതലമട ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ജില്ല മൃഗസംരക്ഷണ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടര്‍ മൃണ്മയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
നിര്‍ദേശങ്ങള്‍
പാലക്കാട്: രോഗബാധിത പ്രദേശങ്ങളില്‍നിന്നുള്ള പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികള്‍, മാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം.
മുതലമട ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമില്‍നിന്ന് മറ്റു ഫാമുകളിലേക്ക് രണ്ടു മാസത്തിനിടയില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്യണം.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്ഥാപന പരിധിയിലെ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെട്ട റാപ്പിഡ് റെസ്പോണ്‍സ് ടീം ഉടന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ ജില്ല മൃഗസംരക്ഷണ ഓഫിസര്‍ക്കും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കി.
മാംസ ഉൽപന്നങ്ങള്ക്ക് നിയന്ത്രണം
പാലക്കാട്: രാജ്യത്തിന്റെ വടക്ക്-കിഴക്കൻ മേഖലയിലും ബിഹാറിലും ആഫ്രിക്കന്‍ പനി പടരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 11 മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉൽപന്നങ്ങള്, പന്നി വളം എന്നിവ കേരളത്തിലേക്കും കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിക്ക് വാക്സിനോ മറ്റു പ്രതിരോധമരുന്നുകളോ ഇല്ലാത്തതിനാല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തുപോകുന്ന സ്ഥിതി ഈ വൈറസ് മൂലം ഉണ്ടാകും. ആഫ്രിക്കന്‍ പന്നിപ്പനി പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമായതിനാല്‍ ഇത് മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരാനുള്ള സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

