വനപാലകൻ ചമഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥനെ കബളിപ്പിച്ചതായി പരാതി
text_fieldsയുവാവ് കാണിച്ച വ്യാജ തിരിച്ചറിയൽ രേഖ
പുതുപ്പരിയാരം: വനപാലകൻ ചമഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥനെ കബളിപ്പിച്ചതായി പരാതി. കോട്ടായി സ്വദേശിയായ യുവാവാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്റെ യൂനിഫോം ധരിച്ചെത്തി വ്യാജ തിരിച്ചറിയൽ കാർഡ് കാണിച്ച് പാലക്കാട് വനം ട്രൈബ്യൂണൽ കോമ്പൗണ്ടിൽ ഡ്യൂട്ടിലുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചത്.
ഒലവക്കോട് ദ്രുത പ്രതികരണ സേനയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ യുവാവ് തുടർന്ന് ഉദ്യോഗസ്ഥനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. എടുത്ത പടം മറ്റൊരാൾക്ക് അയച്ച് കൊടുക്കുകയും ചെയ്തു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇയാളെക്കുറിച്ച് വിശദാന്വേഷണം നടത്തി.
അന്വേഷണത്തിൽ എം.വി. ബാലസുബ്രഹ്മണ്യൻ എന്ന പേരിൽ ബീറ്റ് ഓഫിസറില്ലെന്ന് വ്യക്തമായി. വനപാലകരുടെ യൂനിഫോമും വ്യാജ തിരിച്ചറിയൽ രേഖയും ദുരുപയോഗം ചെയ്ത് ജനങ്ങളെ കബളിപ്പിച്ചതായി യുവാവിനെതിരെ പാലക്കാട് ഡി.എഫ്.ഒ, ഒലവക്കോട് റേഞ്ച് ഓഫിസർ എന്നിവർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ടൗൺ സൗത്ത് കോട്ടായി പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകി.