വാഹനാപകടം; പാലക്കാട് ജില്ലയിലുള്ളത് 220 അപകട മേഖലകൾ
text_fieldsപാലക്കാട്: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയ - സംസ്ഥാന പാതകളിലായി 220 സ്ഥിരം അപകട മേഖലകളെന്ന് മോട്ടോർ വാഹന വകുപ്പ്. വാളയാർ - വടക്കഞ്ചേരി ദേശീയപാത, പാലക്കാട് - കുളപ്പുള്ളി സംസ്ഥാന പാത, ഒലവക്കോട് - കോഴിക്കോട് ദേശീയപാത, പാലക്കാട് - പാറ പൊള്ളാച്ചി, പാലക്കാട് - ചെർപ്പുളശ്ശേരി സംസ്ഥാനപാത എന്നിവിടങ്ങളിലാണ് അപകട മേഖലകൾ കൂടുതലും.
വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ 55 കിലോമീറ്റർ ദൂരത്തിൽ മാത്രം അപകടമേഖലകൾ 30 എണ്ണമാണ്. നാലുവരിയായി ഉയർത്തിയശേഷവും ദേശീയപാത 544 ൽ സിഗ്നൽ സംവിധാനങ്ങൾ, സർവിസ് റോഡുകൾ, നിരീക്ഷണ കാമറകൾ എന്നിവ ഉണ്ടായിട്ടും അനുദിനം അപകടതോത് ഉയരുകയാണ്. പൊലീസ്, മോട്ടോർ വാഹന വകുപ്പ്, അഗ്നിരക്ഷ സേന എന്നിവരുടെ കണക്കുകൾ പ്രകാരം വാളയാർ - മണ്ണുത്തി ദേശീയ പാതയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ മരണസംഖ്യ 50 കടന്നു.
ഈ വർഷമാണ് അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തത്. തുടരെയുള്ള അപകടങ്ങളുടെ പശ്ചാത്തലത്തിൽ സേലം - കൊച്ചി ദേശീയ പാതയിൽ വേഗപരിധി പുതുക്കുകയും കാമറകളുടെ പ്രവർത്തനങ്ങളിൽ 2019 ഒക്ടോബർ മുതൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
അപകടങ്ങളിലേറെയും കണ്ണനൂർ, കാഴ്ചപ്പറമ്പ്, വടക്കഞ്ചേരി, വാളയാർ മേഖലകളിലാണ്. അമിത വേഗത, മദ്യപിച്ചുള്ള ഡ്രൈവിങ്, മത്സരയോട്ടം, ഓവർടേക്കിങ്, സർവിസ് റോഡുകളിൽ നിന്നുള്ള വാഹനങ്ങളുടെ അശ്രദ്ധമായ കടന്നുകയറ്റം തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണം. നിരീക്ഷണ കാമറകൾ വന്നതോടെ ആദ്യകാലങ്ങളിൽ ദേശീയ - സംസ്ഥാനപാതകളിലുണ്ടായിരുന്ന ഹൈവേ പൊലീസ്, സ്പീഡ് ട്രേസർ എന്നിങ്ങനെയുള്ള വാഹന പരിശോധന സംഘങ്ങൾ ഇല്ലാതായതും അപകടങ്ങളുടെ എണ്ണം വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

