അർഹതപ്പെട്ടവർക്ക് കൈമാറാതെ പൂട്ടിയിട്ടു; കൽപാത്തിയിൽ കാടുമൂടി നശിച്ച് സർക്കാർ ഫ്ലാറ്റുകൾ
text_fieldsപാലക്കാട്: വീടുകളില്ലാത്ത, പട്ടികജാതി വിഭാഗം കുടുംബങ്ങൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കുക എന്ന ലക്ഷ്യത്തോടെ കൽപാത്തി ശങ്കുവാരത്തോട് നിർമിച്ച സർക്കാർ ഫ്ലാറ്റുകൾ കാടുകയറി നശിക്കുന്നു. അർഹർക്ക് കൈമാറാതെ വെറുതെയിട്ടിരിക്കുന്ന ഫ്ലാറ്റുകൾ ഉപയോഗശൂന്യമായി നാശത്തിന്‍റെ വക്കിലാണ്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് അന്നത്തെ പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിൽ മുൻകൈയെടുത്ത് കൊണ്ടുവന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം നോക്കുകുത്തിയായത്.
ചില ഫ്ലാറ്റുകളിൽ താമസക്കാരുണ്ട്. രണ്ട് കെട്ടിടങ്ങളിലായി എട്ടോളം ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇവിടെ രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ കുടിലുകളിലും ഓടിട്ട വീടുകളിലുമായി നിരവധി കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഇവരിൽ പലർക്കും സർക്കാർ മറ്റ് പ്രദേശങ്ങളിൽ സ്ഥലവും വീടും അനുവദിച്ചിരുന്നു. ഇതിന് ശേഷമാണ് നിലവിലുള്ള സ്ഥലത്ത് ഫ്ലാറ്റുകൾ നിർമിച്ചത്.
എന്നാൽ ഫ്ലാറ്റ് നിർമാണം പൂർത്തിയായിട്ടും അർഹരായ കുടുംബങ്ങളെ കണ്ടെത്തി താമസിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പാവപ്പെട്ടവർക്കായി നിർമിച്ച കെട്ടിടങ്ങൾ ആളില്ലാതെ കാടുപിടിച്ച് നശിക്കുമ്പോൾ, സ്വന്തമായി വീടില്ലാത്ത നിരവധി കുടുംബങ്ങൾ താമസസൗകര്യത്തിനായി കാത്തിരിക്കുകയാണ്.
സർക്കാർ പണം ചെലവഴിച്ച് നിർമിച്ച പദ്ധതി ഇത്തരത്തിൽ ഉപയോഗശൂന്യമായി കിടക്കുന്നത് പൊതുസമൂഹത്തോടുള്ള കടുത്ത അനീതിയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിർമാണം പൂർത്തിയാക്കിയ ഫ്ലാറ്റുകൾ അടച്ചുപൂട്ടി നശിപ്പിക്കാതെ അർഹതയുള്ള കുടുംബങ്ങളെ അടിയന്തരമായി കണ്ടെത്തി കൈമാറണമെന്നും നാട്ടുകാർ പറയുന്നു. കാടുപിടിച്ചുകിടക്കുന്ന പരിസരം വൃത്തിയാക്കി കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും അടിയന്തര നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

