കലാവസന്തത്തിന് കൊടിയിറങ്ങി; വിക്ടോറിയക്ക് വിക്ടറി
text_fieldsഎ സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ഗവ. വിക്ടോറിയ കോളജ് പാലക്കാട്
പട്ടാമ്പി: കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവ കിരീടം പാലക്കാട് ഗവ. വിക്ടോറിയ കോളജിന്. മത്സരം തുടങ്ങിയത് മുതൽ ആർക്കും പിടികൊടുക്കാതെ കുതിപ്പ് തുടങ്ങിയ വിക്ടോറിയ അവസാന ദിവസം വരെ ആധിപത്യം തുടർന്നു. മറ്റു കോളജുകളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പിൽ 243 പോയന്റ് നേടിയാണ് ജേതാക്കളായത്. ആതിഥേയരായ പട്ടാമ്പി ഗവ. സംസ്കൃത കോളജ് 139 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഗവ. കോളജ് ചിറ്റൂരാണ് (118) മൂന്നാം സ്ഥാനത്ത്.
വിക്ടോറിയ കോളജിലെ ജി. ഗ്രീഷ്മയാണ് (11) കലാതിലകം. പാലക്കാട് ചെമ്പൈ സംഗീത കോളജിലെ പി. അനിരുദ്ധ് (10), മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിലെ ജിഷ്ണു രവീന്ദ്രൻ (10) എന്നിവർ കലാപ്രതിഭകളായി. വിക്ടോറിയയിലെ ജി. അഞ്ജലി, എ. അനിൽ എന്നിവർ (11)ചിത്രപ്രതിഭ പട്ടം പങ്കിട്ടു. പട്ടാമ്പി സംസ്കൃത കോളജിലെ ഷഹ്മ ഷെറിൻ (16) ആണ് സാഹിത്യ പ്രതിഭ.
സ്റ്റേജിതര മത്സരങ്ങളിലും സമാന നിലയിലായിരുന്നു വിക്ടോറിയയുടെ മുന്നേറ്റം. 106 പോയന്റ് നേടി ഒന്നാം സ്ഥാനം പിടിച്ചെടുത്ത വിക്ടോറിയക്ക് പിന്നിൽ ആതിഥേയരായ പട്ടാമ്പി ഗവ. സംസ്കൃത കോളജ് (78), ഒറ്റപ്പാലം എൻ.എസ്.എസ് കോളജ് (33) എന്നിവക്കായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങൾ.
പട്ടാമ്പി: നിളാതീരത്തിന്റെ ആഘോഷ രാപ്പകലുകൾക്ക് വിരാമം. ഗവ. സംസ്കൃത കോളജിൽ നാലുനാൾ നീണ്ട കലാവസന്തം കൊടിയിറങ്ങി. കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ എ സോൺ കലോത്സവത്തിന്റെ സമാപന ദിവസം കോരിച്ചൊരിയുന്ന മഴയത്തും ഗ്ലാമർ ഇനമായ നാടോടി നൃത്തം കാണാൻ വലിയ തിരക്കനുഭവപ്പെട്ടു. ഒന്നാം വേദിയിൽ നാടോടി നൃത്തം ഗ്രൂപ് മത്സരങ്ങൾ വൈകീട്ട് തുടങ്ങി രാത്രിയേറെ ചെന്നാണ് സമാപിച്ചത്.
ചെണ്ടമേളം, താന്ത്രിവാദ്യങ്ങൾ, കഥകളി സംഗീതം, പാശ്ചാത്യ സംഗീതം എന്നിവക്ക് പുറമെ തിരുവാതിരക്കളിയും നാടോടി നൃത്തങ്ങളുമാണ് അവസാന ദിവസത്തെ ആകർഷണമായത്. ജില്ലയിലെ 85 കോളജുകളിൽ നിന്നായി രണ്ടായിരത്തിലേറെ കലാപ്രതിഭകൾ മാറ്റുരച്ച മത്സരങ്ങൾ പട്ടാമ്പിക്ക് സമ്മാനിച്ചത് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ള ആസ്വാദനാനുഭവമായിരുന്നു.
യൂട്യൂബ് ഗുരുവായി; നാടോടിനൃത്തത്തിൽ സഫ്വാൻ
പട്ടാമ്പി: പരിശീലകനില്ലാത്ത പ്രകടനത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സഫ്വാൻ. യൂട്യൂബ് നോക്കി സ്വയം പരിശീലിച്ചാണ് പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പി. മുഹമ്മദ് സഫ്വാൻ മറ്റു മത്സരാർഥികളെ പിന്നിലാക്കിയത്.
പി. മുഹമ്മദ് സഫ്വാൻ നാടോടിനൃത്തം അവതരിപ്പിക്കുന്നു
തൂത ഡി.എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി പഠനകാലത്ത് ഇതേ ഇനത്തിൽ ജില്ലതലത്തിൽ ലഭിച്ച ഒന്നാം സ്ഥാനമാണ് കൈമുതൽ. അഞ്ചുപേരാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ചത്. മികച്ച പ്രകടനത്തിൽ അനായാസ വിജയമാണ് മൂന്നാം വർഷ ബി.എസ്സി സുവോളജി വിദ്യാർഥി കരസ്ഥമാക്കിയത്.
ലിംഗഭേദത്തിന്റെ അതിർവരമ്പ് ലംഘിച്ച് ആഷ്ലി അനിൽ
പട്ടാമ്പി: ലിംഗഭേദത്തിന്റെ അതിർവരമ്പ് ലംഘിച്ച് ആഷ്ലി അനിൽ നേടിയത് ഗ്ലാമർ ഇനമായ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം. തനത് ശൈലിയിലുള്ള അവതരണത്തിൽ കട്ടക്ക് നിന്ന പെൺകുട്ടികളുടെ മത്സരത്തിലാണ് ആലത്തൂർ എസ്.എൻ. കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനി നേട്ടം കൊയ്തത്. പതിമൂന്ന് മത്സരാർഥികളും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ നാളിതുവരെ വരെ ഉണ്ടായിട്ടില്ലാത്ത വിധം ആസ്വദിക്കുകയായിരുന്നു തങ്ങളെന്ന് വിധികർത്താക്കളിലൊരാളായ കലാമണ്ഡലം ഐശ്വര്യ പറഞ്ഞു.
ആഷ്ലി അനിൽ വേദിയിൽ
ആൺകുട്ടികൾക്ക് മാത്രമെന്ന് സമൂഹം കൽപിച്ച പാക്കനാർ തുള്ളലാണ് കലക്ക് ആൺ, പെൺ ഭേദമില്ലെന്ന് അടിവരയിട്ട പ്രകടനത്തിലൂടെ ആഷ്ലി അനിൽ വേദിയിലെത്തിച്ചത്. ഹൈസ്കൂൾ പഠനകാലത്ത് സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള ആഷ്ലിയുടെ ഗുരു സഹോദരൻ ആഷ്ബിനാണ്. അഞ്ചു തവണ തുടർച്ചയായി കലാപ്രതിഭയായിട്ടുണ്ട് സഹോദരൻ. പാക്കനാർ തുള്ളൽ നൃത്തസംവിധാനം ചെയ്തത് ജിൻസ് വി. പാലക്കാടാണ്. മത്സരിച്ച മറ്റു മൂന്നിനങ്ങളിൽ കേരള നടനത്തിൽ മൂന്നാം സ്ഥാനവും കുച്ചുപ്പുടിയിൽ രണ്ടാം സ്ഥാനവും ആഷ്ലി സ്വന്തമാക്കിയിട്ടുണ്ട്.
നാടോടിനൃത്തം ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം
പട്ടാമ്പി: നാടോടി നൃത്തത്തിൽ ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം. മണിക്കൂറുകൾ വൈകി മത്സരങ്ങൾ. നാടോടി നൃത്തം (പെൺ) വിഭാഗത്തിന്റെ ഫലപ്രഖ്യാപനത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് ഒരു വിഭാഗം മത്സരാർഥികൾ ബഹളം വെച്ചത്. മത്സരത്തിന്റെ നിയമാവലിയിൽ പറയുന്നതിന് വിരുദ്ധമായ ഐറ്റം ചെയ്ത മത്സരാർഥിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് ആക്ഷേപം. തെയ്യം തുടങ്ങിയ വേഷങ്ങൾ കെട്ടേണ്ടത് ആൺ വിഭാഗത്തിലാണ്. എന്നാൽ, കലാരൂപങ്ങളുടെ അവതരണത്തിൽ ലിംഗഭേദങ്ങളില്ലെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. വിധികർത്താക്കൾക്ക് മതിയായ യോഗ്യതയില്ലെന്നായിരുന്നു മറ്റൊരു ആരോപണം.
തുടർന്ന് വിധികർത്താക്കളും സംഘാടക സമിതിയും ആക്ഷേപമുന്നയിച്ചവരും ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. നാടോടി നൃത്തം (പെൺ) മത്സരം വേദി രണ്ടിൽ 2.30ഓടെ അവസാനിച്ചെങ്കിലും തർക്കങ്ങൾ മണിക്കൂറുകൾ നീണ്ടതോടെ നാടോടി നൃത്തം (ആൺ) മത്സരം ആറ് മണിയോടെയാണ് ആരംഭിച്ചത്.
മലയാള നാടകത്തിൽ പാരമ്പര്യം കാത്ത് പട്ടാമ്പി കോളജ്
പട്ടാമ്പി: മലയാള നാടകത്തിൽ പാരമ്പര്യം കാത്ത് പട്ടാമ്പി ഗവ. സംസ്കൃത കോളജ്. നാടകപ്രവർത്തകരുടെ ഈറ്റില്ലമായ പട്ടാമ്പിക്ക് വി.എച്ച്. നിഷാദിന്റെ ‘മലാല ടാക്കീസ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള സ്വതന്ത്ര്യ നാടകാവിഷ്കാരമാണ് സമ്മാനം നേടികൊടുത്തത്.
കോളജിലെ തിയറ്റർ ക്ലബ് അംഗങ്ങളായ സി.പി. അർജുൻദാസ്, നിവ്യ, ഗായത്രി, ആദിത്യൻ, അഭിഷേക്, അനന്ത ലക്ഷ്മി, കൃഷ്ണേന്ദു, ടി.എം. സായൂജ്, നിഖില എന്നിവരാണ് വേഷമിട്ടത്. രണ്ടാം വർഷ ബി.എ സംസ്കൃത വിദ്യാർഥി ടി.എം. സായൂജ്, മൂന്നാം വർഷ ബി.എ മലയാളം വിദ്യാർഥിനി നിഖില എന്നിവർ മികച്ച നടീനടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ടി.എം. ആബിദും ജിനോ ജോസഫും ചേർന്ന് സംവിധാനം ചെയ്ത നാടകാവതരണത്തിന് കെമിസ്ട്രി അധ്യാപകൻ ഡോ. കെ.പി. റോയ്, അധ്യാപകർ, കോളജ് യൂനിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. അമൽ സജി, നൽസൻ, അർജുൻ, സനിൽ, ഹരിത, അനീഷ്, നിതിൻ എന്നിവരായിരുന്നു അണിയറ പ്രവർത്തകർ. ആശയത്തിലും അവതരണ രീതിയിലും നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

