അട്ടപ്പാടിയുടെ ഗോത്രചരിത്ര ശേഷിപ്പുകളുമായി ഒരു ഗവേഷകൻ
text_fields1.1945-65 കാലം വരെ അധികാരി ആയിരുന്ന
ബാസവയ്യ ചെട്ടിയാർ 2. ആദ്യ പഞ്ചായത്ത്
പ്രസിഡന്റ് കന്തസ്വാമി
കൗണ്ടർ
പാലക്കാട്: അട്ടപ്പാടിയിലെ ചരിത്രവും ഗോത്ര സംസ്കാരവും വിളിച്ചോതുന്ന നാന്നൂറോളം ഫോട്ടോകളുടെ അപൂർവ ശേഖരവുമായി ഗവേഷകൻ. അട്ടപ്പാടിയിലെ ആദിമ സംസ്കാരങ്ങളെക്കുറിച്ചും വ്യത്യസ്തമാർന്ന ഗോത്ര വിഭാഗങ്ങളുടെ പൈതൃകങ്ങളെയും ജീവിതരീതികളെയും കുറിച്ച് ഒരു പതിറ്റാണ്ടിലധികമായി ഗവേഷണം നടത്തുന്ന ഡോ. എ.ഡി. മണികണ്ഠൻ ഗവേഷണ കാലയളവിൽ ശേഖരിച്ചതാണ് ഈ ഫോട്ടോകൾ.
തൃശൂർ തളിക്കുളം സ്വദേശിയായ മണികണ്ഠൻ ഗവേഷണ ആവശ്യാർഥം 13 വർഷമായി അട്ടപ്പാടിയിലുണ്ട്. നവീന ശിലായുഗ കാലം തൊട്ട് സംഘകാലം, മധ്യകാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം വരെയുള്ള ചരിത്രം, പുരാവസ്തു, നരവംശ സംബന്ധിയായ ശേഷിപ്പുകളെ തെളിയിക്കുന്ന ഗുഹാചിത്രങ്ങൾ, മെൻഹിറുകൾ, സ്റ്റോൺ സർക്കിളുകൾ, നന്നങ്ങാടികൾ, സംഘകാല പോട്ടറിയുടെ ചിത്രങ്ങൾ തൊട്ട് അട്ടപ്പാടിയിലെ ആദ്യ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോട്ടോസുകൾ ഈ ഗവേഷകന്റെ ശേഖരത്തിലുണ്ട്.
അട്ടപ്പാടി താഴ്‌വരയുടെ മഹത്തായ ചരിത്രത്തെയും സാമൂഹിക മാറ്റങ്ങളെയും വ്യക്തമായി അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ശേഖരത്തിലുള്ളത്. ഗോത്ര സംസ്കാരത്തെ വിളിച്ചോതുന്നവയും അനേകം. ചിത്രങ്ങളിൽ വിവിധ ഗോത്ര വിഭാഗങ്ങളായ കുറുംമ്പ, മുഡുക, ഇരുള, ബഡഗ, തൊഡാസ് എന്നിവരുടെ സംസ്കാരം, പൈതൃകം, ജീവിത രീതികൾ, മൂപ്പന്മാർ, വാദ്യോപകരണങ്ങൾ തുടങ്ങിയവയും അടയാളപ്പെടുത്തുന്നു.
2012 മുതൽ 2025 വരെ നടത്തിയ ഫീൽഡ് വർക്കിലൂടെയും വിവിധ സ്ഥലങ്ങളിലെ ആർക്കൈവ്സിൽനിന്നും തദ്ദേശീയരായ ആളുകളിൽനിന്നും ശേഖരിച്ചതാണ് അപൂർവ ചിത്രങ്ങൾ. ചരിത്ര വിദ്യാർഥികൾ, ഗവേഷകർ, സ്കൂൾ കുട്ടികൾ, പൊതുജനങ്ങൾ എന്നിവർക്കായി വിപുലമായ പ്രദർശനം സംഘടിപ്പിക്കാൻ താൽപര്യമുള്ളവരുമായി സഹകരിക്കുമെന്ന് ഡോ. എ.ഡി. മണികണ്ഠൻ പറഞ്ഞു. അട്ടപ്പാടിയെ സംബന്ധിച്ച മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അട്ടപ്പാടി ആൽബം എന്ന പേരിൽ അപൂർവ ഫോട്ടോകളുടെ പുസ്തകം പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നതായും ഡോ. മണികണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

