ഗോവിന്ദാപുരത്ത് ചകിരിമില്ലിൽ വൻ തീപിടിത്തം; 30 ലക്ഷത്തിന്റെ നഷ്ടം
text_fieldsഗോവിന്ദാപുരം നീളപ്പാറയിൽ ചകിരിമില്ലിൽ പടർന്ന തീ അണക്കുന്ന അഗ്നിശമന സേന
ഗോവിന്ദാപുരം: ഗോവിന്ദാപുരത്തെ ചകിരി സംസ്കരണ മില്ലിലുണ്ടായ വൻ അഗ്നിബാധയിൽ 30 ലക്ഷത്തിന്റെ നാശനഷ്ടം. ഗോവിന്ദാപുരം നീളപ്പാറയിൽ പ്രവർത്തിക്കുന്ന എസ്. ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ചകിരി സംസ്കരണ മില്ലിലാണ് ബുധനാഴ്ച രാവിലെ തീ പടർന്നത്. കൊല്ലങ്കോട്, ആലത്തൂർ, ചിറ്റൂർ, പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നായി എത്തിയ 12 യൂനിറ്റ് അഗ്നിശമന വാഹനങ്ങൾ ഏഴ് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ചകിരി സംസ്കരിച്ച് കമ്പോസ്റ്റ്, കയർ, മറ്റ് ഉപ ഉൽപന്നങ്ങൾ എന്നിവക്ക് വേർതിരിക്കുന്ന മില്ലാണ് ഇത്. തീ പടരുന്ന സമയത്ത് അഞ്ച് സ്ത്രീകൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ഫാക്ടറി ഉടമ ബിന്ദു പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണോ അഗ്നിബാധക്ക് ഇടയാക്കിയെന്നത് അന്വേഷിച്ചുവരുകയാണ്. റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
പൊള്ളാച്ചി അഗ്നിരക്ഷ നിലയത്തിലെ രണ്ട് വാഹനങ്ങളും തമിഴ്നാട് ചകിരി മിൽ അസോസിയേഷന്റെ തീയണക്കുന്ന ആറ് വാഹനങ്ങളും എത്തിയിരുന്നു. 2021ൽ സമാന രീതിയിൽ ഇതേ ഫാക്ടറിയിൽ തീ പടർന്നിരുന്നു. കൊല്ലങ്കോട് അസി. സ്റ്റേഷൻ ഓഫിസർ രമേശിന്റെ നേതൃത്വത്തിലുള്ള രണ്ട് യൂനിറ്റ് രാത്രി വൈകിയും തീ നിയന്ത്രിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

