ലഹരിയിൽ താളംതെറ്റിയ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് സ്നേഹിത
text_fieldsപാലക്കാട്: അമിതമായ ലഹരി ഉപയോഗംമൂലം ജീവിതം താളം തെറ്റിയ യുവാവിന് കൈത്താങ്ങായി കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്. പാലക്കാട് സ്വദേശിയായ 25 വയസ്സുള്ള യുവാവാണ് കഞ്ചാവ് ഉപയോഗിച്ച ശേഷം അക്രമാസക്തനായി അമ്മയെയും സഹോദരങ്ങളെയും ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നത്. സാമൂഹിക പ്രവർത്തകയായ ഒരു യുവതിയാണ് യുവാവിനെ സംബന്ധിച്ച് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്തത്.
വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അക്രമാസക്തനാകുകയും ചെയ്തിരുന്ന യുവാവിന് കൗൺസിലിങ് മാത്രം നൽകിയതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ സ്നേഹിത പ്രവർത്തകർ അയാളെ ഡീ-അഡിക്ഷൻ സെന്ററിലേക്ക് മാറ്റണമെന്ന് നിർദേശിച്ചു.
എന്നാൽ, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് ചികിത്സ ചെലവ് താങ്ങാനാവില്ലായിരുന്നു. അതേ തുടർന്ന് അട്ടപ്പാടി കോട്ടത്തറ ഡീ-അഡിക്ഷൻ സെന്ററിന്റെ വിവരങ്ങൾ നൽകുകയും യുവാവിനെ അവിടെ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സ ഫലപ്രദമായതോടെ യുവാവ് ലഹരി ഉപയോഗം നിർത്തി ജോലിക്ക് പോയി കുടുംബം പുലർത്താൻ തുടങ്ങിയതായി സ്നേഹിത അധികൃതർ അറിയിച്ചു. ഇത്തരത്തിൽ നിരവധി കേസുകളാണ് ദിനംപ്രതി സ്നേഹിത ജെൻഡർ ഹെൽപ് സെന്ററിലേക്ക് വരുന്നത്.
ഗാർഹിക പീഡന അതിക്രമം നേരിട്ട 52 വയസ്സുകാരിക്കും സ്നേഹിത ഇത്തരത്തിൽ താങ്ങായി. അമിത മദ്യപാനംമൂലം നിരന്തരം ഉപദ്രവിക്കുമായിരുന്ന ഭർത്താവിന് സ്നേഹിത വഴി കൗൺസിലിങ് നൽകി. വിഷയത്തിൽ വനിത സംരക്ഷണ ഓഫിസറും ഇടപെട്ടിരുന്നു. നിലവിൽ കുടുംബശ്രീയുടെ എസ്.വി.ഇ.പി സംരംഭകയായ ഇവർ ഭർത്താവും കുട്ടിയുമായി സന്തോഷത്തോടെ കഴിയുന്നതായും സ്നേഹിത അധികൃതർ പറയുന്നു.ഗാർഹിക പീഡന കേസുകൾ 50
ഈ സാമ്പത്തികവർഷം നവംബർ വരെ 409 കേസുകളാണ് സ്നേഹിതയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 50 കേസുകൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. 49 പോക്സോ കേസുകളും റിപ്പോർട്ട് ചെയ്തു. 466 കൗൺസിലിങ് സെഷനുകൾ നടത്തി. ഡിവൈ.എസ്.പി ഓഫിസുകളിൽ പ്രവർത്തിക്കുന്ന സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകളിൽ 401 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ സാമ്പത്തികവർഷം 580 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ 78 കേസുകൾ ഗാർഹിക പീഡനമായും 51 എണ്ണം പോക്സോ കേസുമായും ബന്ധപ്പെട്ടതാണ്. എക്സ്റ്റൻഷൻ സെന്ററുകളിൽ 44 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം 180 സ്ത്രീകൾക്ക് താൽക്കാലിക അഭയവും നൽകി. കഴിഞ്ഞ സാമ്പത്തികവർഷം ലിംഗാടിസ്ഥിത അതിക്രമ കേസുകൾ 71 എണ്ണം റിപ്പോർട്ട് ചെയ്തു. ഈ വർഷം നവംബർ വരെ 46 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

