ഇരട്ടവാരിയിൽ കാട്ടാനകളുടെ താണ്ഡവം; 700 വാഴകൾ നശിച്ചു
text_fieldsഇരട്ടവാരിയിൽ കാട്ടാനകൾ നശിപ്പിച്ച ചക്കംതൊടി മുഹമ്മദ് അലിയുടെ വാഴകൾ
അലനല്ലൂർ: തിരുവിഴാംകുന്ന് ഇരട്ടവാരി മേഖലയിൽ കാട്ടാനകളുടെ താണ്ഡവത്തിൽ വ്യാപക കൃഷിനാശം. 700ൽപരം വാഴകൾ നശിച്ചു. ജനവാസമേഖലയായ തച്ചങ്കോട് പാടശേഖരത്ത് തിങ്കളാഴ്ച പുലർച്ചയോടെ എത്തിയ കാട്ടാനക്കൂട്ടം ചക്കംതൊടി മുഹമ്മദ് അലിയുടെ 550ഉം വാളോചാലിൽ ബിജു ആന്റണിയുടെ 300ഉം വാഴകളാണ് നശിപ്പിച്ചത്.
ഓണവിപണി ലക്ഷ്യമാക്കിയുള്ള കുലച്ച വാഴകളാണ് നശിച്ചതിൽ ഏറിയ പങ്കും. നിലവിലെ വിപണി മൂല്യം അനുസരിച്ച് മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്നും തക്കതായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്നും മുഹമ്മദ് അലി ആവശ്യപ്പെട്ടു.
ബാങ്ക് വായ്പ എടുത്താണ് കൃഷിയിറക്കിയതെന്നും ഇനിയുള്ള കൃഷി ആനകൾ നശിപ്പിക്കാതെ വിളവ് ലഭിച്ചാൽ പോലും മുടക്കുമുതൽ പോലും കിട്ടില്ലെന്ന് മുഹമ്മദ് അലി പറഞ്ഞു. രണ്ടുതവണയായി 700ഓളം വാഴകൾ നഷ്ടപ്പെട്ടതായി ബിജു ആന്റണി പറഞ്ഞു.
പ്രദേശത്ത് കാട്ടാനകൾ പതിവാണെങ്കിലും കാവലിരിന്നും പടക്കം പൊട്ടിച്ചുമാണ് കർഷകർ ആനകളെ തുരത്താറുള്ളത്. ചില സമയങ്ങളിൽ പടക്കത്തിന്റെ ശബ്ദം കേൾക്കുന്നിടത്തേക്ക് ആനകൾ പാഞ്ഞടുക്കാറുണ്ടെന്നും കർഷകർ പറയുന്നു.
വനം വകുപ്പിന്റെ സൗരോർജ വേലി സമീപത്തുണ്ടെങ്കിലും അവ പ്രവർത്തനരഹിതമാണ്. ഇത്തവണ 20ഓളം തവണയാണ് ആനകൾ തച്ചങ്കോട് പാടശേഖരത്ത് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

