നിപ; സമ്പർക്കപ്പട്ടികയിൽ 425 പേർ
text_fieldsപാലക്കാട്: ജില്ലയിൽ നിപാ സമ്പർക്കപ്പട്ടികയിലുള്ളത് 425 പേർ. രണ്ടുപേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. രോഗം സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കുമരംപുത്തൂർ സ്വദേശി മരിച്ചു. സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള രോഗിയുടെ സാമ്പിൾ വിദഗ്ധ പരിശോധനക്ക് പുണെയിലേക്ക് അയച്ചിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 17 പേർ ഐസൊലേഷനിലാണ്.
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച 1488 വീടുകൾ സന്ദർശിച്ച് പനി സർവേ പൂർത്തീകരിച്ചു. ജില്ല മാനസിക ആരോഗ്യ വിഭാഗം വ്യാഴാഴ്ച 82 പേർക്ക് ടെലിഫോണിലൂടെ കൗൺസലിങ് നൽകി. കൺട്രോൾ സെല്ലിലേക്ക് 41 വിളികളെത്തി. കാരാകുറുശി പഞ്ചായത്തിൽനിന്ന് വവ്വാലിന്റെ ജഡം ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്.
നിയന്ത്രിത മേഖല പ്രഖ്യാപിച്ചശേഷം ആകെ 1153 കുടുംബങ്ങൾക്ക് നേരിട്ട് റേഷൻ വിതരണം ചെയ്തതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. നിയന്ത്രിത മേഖലകളിൽ അനാവശ്യമായി കൂട്ടംകൂടി നിൽക്കരുതെന്ന് പൊലീസ് അറിയിച്ചു. ഇവിടങ്ങളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തുകടക്കലും ഒഴിവാക്കാൻ കർശന നിരീക്ഷണവും പരിശോധനയും തുടരും. നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുമരംപുത്തൂരിൽ മരിച്ച നിപ സ്ഥിരീകരിച്ച വ്യക്തിയുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കം വന്നവരും പുതുക്കിയ റൂട്ട് മാപ്പിലെ സ്ഥലത്ത് അതേസമയം ഉണ്ടായിരുന്നവരും ഇക്കാര്യം നിപ കൺട്രോൾ റൂം നമ്പറിൽ വിളിച്ച് അറിയിക്കണം. നിപ കൺട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയശേഷം മാത്രമേ നിപ പരിശോധനക്കായി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്താവുയെന്ന് ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു. നിയന്ത്രിത മേഖലകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമെങ്കിൽ ഇ-സഞ്ജീവനി വഴി ഓൺലൈനായി ഡോക്ടറുടെ സേവനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

