ആലത്തൂർ വിത്തുൽപാദന കേന്ദ്രത്തിന് 416 ലക്ഷം അനുവദിച്ചു
text_fieldsകർഷകർക്ക് ലഭിച്ച ഗുണനിലവാരം കുറഞ്ഞ നെൽവിത്ത്
ആലത്തൂർ: സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ 416.42 ലക്ഷം രൂപ അനുവദിച്ചു. ആധുനിക രീതിയിലുള്ള വിത്തുത്പാദന സംസ്കരണ സൗകര്യങ്ങൾ ഒരുക്കാനാണ് സഹായം. ആലത്തൂർ മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയുടെ (നിറ) പ്രവർത്തനം വിലയിരുത്തിയാണ് ഫണ്ട് അനുവദിച്ചതെന്ന് കെ.ഡി പ്രസേനൻ എം.എൽ.എ പറഞ്ഞു. കൃഷി വകുപ്പിന്റെ ഭാഗമായി നെൽകൃഷിക്കായി ഗുണമേന്മയുള്ള നെൽവിത്തുകൾ തയാറാക്കി വിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെ 1958 ലാണ് ആലത്തൂരിൽ വിത്തുത്പാദന കേന്ദ്രം ആരംഭിച്ചത്.
ഉമ ഇനത്തിൽപ്പെട്ട നെൽ വിത്താണ് ഉൽപാദിപ്പിക്കുന്നത്. പ്രതിവർഷം 55 മെട്രിക് ടൺ നെൽവിത്തും പച്ചക്കറി തൈകൾ, വിത്തുകൾ, കുരുമുളക് തൈകൾ , തെങ്ങിൻ തൈകൾ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഇപ്പോൾ അനുവദിച്ച തുക ഉപയോഗിച്ച് നെൽ വിത്ത് ഉത്പാദനം പ്രതിവർഷം 120 മെട്രിക് ടൺ ആയി ഉയർത്തും. മറ്റ് വിളകളുടെ വിത്തുത്പാദനം 6.5 ലക്ഷമായും ഉയർത്തും.
ജൈവ ജീവാണു വളക്കൂട്ടുകളുടെ ഉത്പാദനം ആരംഭിക്കാൻ വൃക്ഷായുർവേദ വളക്കൂട്ടുകൾ, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, ജീവാണു വളമായ വാം മൈക്കോറൈസ, ടൈക്കോഡെർമ, സ്യുഡോമോണാസ് എന്നീ ജീവാണുക്കളുടെ കൃഷിയിട ഉത്പാദനവും വിപണനവും ലക്ഷ്യമിടുന്നുണ്ട്. ആധുനിക കൃഷിരീതികളുടെ പ്രദർശനത്തോട്ടം, പരിശീലന പരിപാടികൾ എന്നിവയുമുണ്ടാകും. ജലസേചന സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ഭൂഗർഭ ജല വകുപ്പ്, സോളാർ അധിഷ്ഠിത പമ്പ് സെറ്റുകൾ സ്ഥാപിക്കാൻ അനെർട്ട് തുടങ്ങിയ വിവിധ ഏജൻസികളുമായും സഹകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

