ഏഴ് വർഷം; വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിഞ്ഞത് 2140 ജീവൻ
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: ജില്ലയിൽ ഏഴുവർഷത്തിനുള്ളിൽ വിവിധ വാഹനാപകടങ്ങളിലായി നിരത്തിൽ ജീവൻ പൊലിഞ്ഞത് 2140 പേർക്ക്. മോട്ടോർ വാഹന വകുപ്പിന്റെ 2019 മുതൽ 2025 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരമാണിത്. 16,588 അപകടങ്ങളിലായാണ് ഇത്രയും പേർക്ക് ജീവഹാനി ഉണ്ടായത്. 18,026 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ചില മാസങ്ങളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മരണസംഖ്യ കൂടിയിട്ടുണ്ട്. ചില മാസങ്ങളിൽ കുറവുമുണ്ട്.
ആഗസ്റ്റിൽ 14 പേരാണ് മരിച്ചത്. 2024 ആഗസ്റ്റിൽ 16 പേർ മരിച്ചിരുന്നു. പലപ്പോഴും അമിതവേഗതയും അശ്രദ്ധയും ഗതാഗതനിയമങ്ങൾ ലംഘിക്കുന്നതുമെല്ലാമാണ് അപകടങ്ങൾക്കും മരണങ്ങൾക്കും വഴിയൊരുക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിൽ 2019ലാണ് ഏറ്റവും കൂടുതൽ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്തത് -407. 2419 അപകടങ്ങളാണ് ആ വർഷം സംഭവിച്ചത്. 2604 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, 2024ൽ അപകടങ്ങളുടെ എണ്ണം 3091 ആയി വർധിച്ചു.
ഇത്രയും അപകടങ്ങളിലായി 3382 പേർക്ക് പരിക്കേറ്റപ്പോൾ 328 പേർക്കാണ് ജീവൻ നഷ്ടമായത്. ഈ വർഷം മാർച്ച് മാസത്തിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് -273 എണ്ണം. ഏറ്റവും കുറവ് ജൂലൈയിലാണ് -201. മാർച്ചിൽ തന്നെയാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത് -36 എണ്ണം. ആകെ 197 മരണങ്ങളാണ് ഈ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്തത്.
ഈ വർഷം മരണനിരക്ക് കുറവാണെന്നും ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള എ.ഐ കാമറകൾ, ജില്ലയിലെ 31 ബ്ലാക്ക് സ്പോട്ടുകളിലുൾപ്പെടെ കൃത്യമായ പരിശോധന, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് പരിശോധന എന്നിവ മരണനിരക്ക് കുറക്കാൻ സഹായകമായതായും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
തിരക്കേറിയ ജങ്ഷനുകളായ ചന്ദ്രനഗർ, കുരുടിക്കാട്, ചിതലി, കഞ്ചിക്കോട്, വൈവസ് പാർക്ക് ബെമ്ൽ തുടങ്ങി ഏഴിടങ്ങൾ പുതുതായി ബ്ലോക്ക് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഇവിടങ്ങളിൽ കർശന പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. ദേശീയപാതയിൽ ലൈൻ ട്രാഫിക്കും കൃത്യമായി പാലിക്കണം. ലംഘിക്കുന്നവർക്കെതിരെ 1000 രൂപ പിഴയീടാക്കുമെന്നും പാലക്കാട് ആർ.ടി.ഒ സി.യു. മുജീബ് പറഞ്ഞു.
ഡ്രൈവർമാർ പാലിക്കേണ്ട ലൈൻ ട്രാഫിക് നിർദേശങ്ങൾ
- വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിങ് വേണ്ട
- വാഹനങ്ങൾ കുറവായാലും അല്ലെങ്കിലും അമിതവേഗത വേണ്ട
- മൂന്നു ലൈനുകളിൽ ഏറ്റവും ഇടതുവശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങൾക്ക് (ഉദാ: ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ) ഉള്ളതാണ്.
- രണ്ടാമത്തെ ലൈൻ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങൾക്ക് വേണ്ടിയുള്ളതാണ്.
- മൂന്നാമത്തെ ലൈൻ വാഹനങ്ങൾക്ക് മറികടക്കേണ്ടി വരുമ്പോൾ മറികടക്കാൻ മാത്രമുള്ളതാണ്. കൂടാതെ അടിയന്തര വാഹനങ്ങൾക്ക് ഈ ലൈൻ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
- ഏതു ലൈനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോൾ കണ്ണാടികൾ നോക്കി സിഗ്നലുകൾ നൽകിയതിനുശേഷം തൊട്ടു വലതു വശത്തുള്ള ലൈനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലൈനിലേക്ക് തന്നെ വരണം.
- സർവിസ് റോഡിൽനിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്നലുകൾ നൽകി കണ്ണാടികൾ ശ്രദ്ധിച്ച് നിരീക്ഷിച്ച് മെർജിങ് ലൈനിലൂടെ വേഗത വർധിപ്പിച്ച് മെയിൻ റോഡിലേക്ക് പ്രവേശിക്കണം.
- മെയിൻ റോഡിൽനിന്ന് സർവിസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ലൈനിൽനിന്ന് കണ്ണാടി നോക്കി, സിഗ്നൽ നൽകി ബ്ലൈൻഡ് സ്പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലൈനിലെത്തി ശ്രദ്ധിച്ച് സർവിസ് റോഡിലേക്ക് പ്രവേശിക്കാം.
- കുറെ ദൂരം തങ്ങൾ സഞ്ചരിക്കുന്ന ലൈനിൽ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
- ലൈൻ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 എ പ്രകാരം നിയമനടപടികൾ കർശനമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

