പാലക്കാട് ജില്ലയിൽ ഒക്ടോബർ ആദ്യവാരങ്ങളിൽ ലഭിച്ചത് 168 % അധികമഴ
text_fieldsപാലക്കാട്: ജില്ലയിൽ ഒക്ടോബർ ഒന്നുമുതൽ 24 വരെ ലഭിച്ചത് 168 ശതമാനം അധികമഴ. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ സീസണിൽ മുഴുവൻ ലഭിക്കേണ്ടത് 403.3 മഴയാണ്.
എന്നാൽ, ഒക്ടോബർ ആദ്യവാരങ്ങളിൽ തന്നെ 521.7 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 92 ദിവസം ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ഇപ്പോൾ തന്നെ ജില്ലയിൽ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. ബംഗാൾ ഉൾക്കടലിലും തെക്കെ ഇന്ത്യയിലും തുലാവർഷക്കാറ്റ് സജീവമാകുന്നതോടെ അടുത്ത അഞ്ചുദിവസം വരെ കേരളത്തിൽ വ്യാപകമായി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം രാജ്യത്തുനിന്ന് പൂർണമായും പിൻവാങ്ങിയേക്കും. ഇതേ സമയപരിധിയിൽ തന്നെ തെക്ക്കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനും സാധ്യതയുണ്ട്. ഒക്ടോബർ 26ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയും കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ പ്രവചനത്തിലുണ്ട്.
തോടുകൾ കരകവിഞ്ഞു
മണ്ണാർക്കാട്: ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിൽ മണ്ണാർക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ തോടുകളിൽ മലവെള്ളപ്പാച്ചിൽ. സമീപത്തെ വീടുകളിലും, കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. തെങ്കര, കുമരംപുത്തൂർ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലാണ് തോടുകൾ കരകവിഞ്ഞത്. പൊതുവപ്പാടം, ആനമൂളി, മെഴുകുമ്പാറ, തൊടുകാട്, അമ്പങ്കടവ് ഭാഗങ്ങളിലാണ് വ്യാപകമായി വെള്ളം കയറിയത്. നെല്ലിപ്പുഴയിലും, കുന്തിപ്പുഴയിലും ജലനിരപ്പുയർന്നു. ആനമൂളിയിൽ ചുരത്തിെൻറ പാലഭാഗത്തും വെള്ളം കുത്തിയൊഴുകി. മലയിലുണ്ടായ ശക്തമായ മഴയാകാം കാരണമെന്ന് കരുതുന്നു.
തെങ്കരയിൽ തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി
മണ്ണാർക്കാട്: തെങ്കരയിൽ മെഴുകുംപാറ പൊട്ടിത്തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. ശനിയാഴ്ച രാത്രിയാണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. മെഴുകുംപാറ താനിപ്പറമ്പ് മണ്ണാത്തിക്കുളത്തിൽ ജോർജിെൻറ വീട് ഒറ്റപ്പെട്ടു. ശക്തമായ വെള്ളപ്പാച്ചിലിൽ കോഴിക്കൂട്, ആട്ടിൻ കൂട്, ബാത്ത് റൂം എന്നിവ നശിച്ചു. മുളഞ്ഞൂർ ശാന്തയുടെ വീടിലേക്കും വെള്ളം കയറി. മിച്ചഭൂമി രാമൻകുട്ടിയുടെ വീടിനോട് ചേർന്നുള്ള ഭിത്തി തകർന്നു. കൂടന്മാരെ രാമൻകുട്ടി, കാക്കാണി അപ്പച്ചൻ, ചേലംചേരി ചന്ദ്രൻ, മണ്ണാത്തികുളം റോബിൻ എന്നിവരുടെ കൃഷിയാണ് നശിച്ചത്. തെങ്കര പഞ്ചായത്ത് പ്രസിഡൻറ് ഷൗക്കത്ത്, ബ്ലോക്ക് അംഗം രമാ സുകുമാരൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
10 ദുരിതാശ്വാസ ക്യാമ്പുകളിലായി 584 പേര്
പാലക്കാട്: ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 214 കുടുംബങ്ങളിലെ 584 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെൻറ് യു.പി സ്കൂള്‍, കാരാപ്പാടം എൽ.പി സ്കൂൾ, പൊറ്റശ്ശേരി ഗവ. യു.പി സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച ക്യാമ്പില്‍ നിലവില്‍ 90 കുടുംബങ്ങളിലെ 252 പേരാണുള്ളത്. ഒറ്റപ്പാലം താലൂക്കിലെ കാരാട്ടുകുറിശ്ശി എല്‍.പി സ്കൂളിലും കീഴൂര്‍ യു.പി സ്കൂളിലുമായി 25 കുടുംബങ്ങളിലെ 79 പേർ കഴിയുന്നുണ്ട്. ആലത്തൂർ താലൂക്കിലെ ഓടൻതോട് പള്ളി, വി.ആർ.ടി പള്ളി, ഉപ്പുമണ്ണ് പാറശ്ശേരി അംഗൻവാടി എന്നിവിടങ്ങളിലായി 70 കുടുംബങ്ങളിലെ 188 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മുക്കാലി പ്രീമെട്രിക് ഹോസ്റ്റലിലും അഗളി ജി.എല്‍.പി.എസിലുമായി 29 കുടുംബങ്ങളിലെ 65 പേരാണ് കഴിയുന്നത്.
നെല്ലിയാമ്പതിയിൽ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു
നെല്ലിയാമ്പതി: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങി.കൈകാട്ടി, ചന്ദ്രാമല, കൊട്ടയങ്ങാട് പോത്തുമല ഭാഗത്താണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. കാറ്റുമൂലം വൈദ്യുതിക്കാലുകൾ വീണതും വൈദ്യുതിക്കമ്പികൾ പൊട്ടിയതും ഇതിനു കാരണമായി.മേഖലയിൽ പലയിടത്തും ഇൻറർനെറ്റ് ബന്ധവും തകരാറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

