പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കാൻ ചെലവായത് 1.30 കോടി
text_fieldsകുളപ്പുള്ളി-കണയം റോഡിൽ ദിവസങ്ങൾക്ക് മുമ്പ് പൊട്ടിയ
പൈപ്പ് ലൈൻ നന്നാക്കാനുള്ള ശ്രമം
ഷൊർണൂർ: ഷൊർണൂരിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാൻ 1.31 കോടി രൂപ ചെലവായതായി വിവരാവകാശ രേഖ. കൊച്ചി സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ. ഗോവിന്ദൻ നമ്പൂതിരി നൽകിയ ചോദ്യങ്ങൾക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.
2016 മേയ് മുതൽ 2022 ജൂൺ വരെയുള്ള കാലയളവിലാണ് 1,31,63,319 രൂപ അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചത്. പ്രധാന പൈപ്പുകൾ പൊട്ടിയത് നന്നാക്കാനുള്ള ചെലവാണിത്. പൈപ്പുകൾ എത്ര തവണ പൊട്ടിയെന്നതിനും വാൾവുകളിലും മറ്റുമുണ്ടാകുന്ന ചോർച്ചക്കും കണക്കില്ലെന്നും രേഖകളിലുണ്ട്. ഇവ ഡാറ്റ തിരിച്ച് കണക്കാക്കിയിട്ടില്ല. അതിനാൽ മറുപടി നൽകാനുമാകില്ലെന്ന് വിശദീകരിച്ചിട്ടുണ്ട്.
ജല അതോറിറ്റിയുടെ സംസ്ഥാനത്തെ മുഴുവൻ പൈപ്പ് പൊട്ടിയ വിവരങ്ങൾ ചോദിച്ച് ഗോവിന്ദൻ നമ്പൂതിരി തിരുവനന്തപുരത്തെ വകുപ്പ് ഓഫിസ് ആസ്ഥാനത്ത് അപേക്ഷ നൽകിയിരുന്നു. വർഷം പിന്നിട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന വിവരാവകാശ കമീഷനെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ജൂൺ 22ന് ഇത് സംബന്ധിച്ച അദാലത്തും നടത്തി.
26ന് മറുപടി നൽകാൻ കമീഷൻ ഉത്തരവിട്ടു. ഇതേ തുടർനാണ് ഡിവിഷൻ തലത്തിൽ മറുപടി നൽകാൻ തുടങ്ങിയത്. ജില്ലയിലെ ഷൊർണൂരിലെ കണക്ക് മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ജലനിരക്ക് വർധനയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചില്ലെന്നും അപേക്ഷകനായ ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.
ഷൊർണൂരിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായിട്ട് വർഷങ്ങളേറെയായി. ഇപ്പോൾ പൈപ്പ് ലൈനുകൾ പുതിയതാക്കിയ ഭാഗത്തും നിരന്തരം പൈപ്പുകൾ പൊട്ടുന്നുണ്ട്. നഗരസഭയിൽ തന്നെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

