ഒലവക്കോട് എഫ്.സി.ഐയിൽനിന്നുള്ള ചരക്കുനീക്കം നിലച്ചിട്ട് 12 ദിവസം
text_fieldsപാലക്കാട്: ഒലവക്കോട് എഫ്.സി.ഐയിൽനിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്കുള്ള ഭക്ഷ്യധാന്യ നീക്കം തടസ്സപ്പെട്ടതോടെ പാലക്കാട് താലൂക്കിലെ റേഷൻ കടകളിലെ റേഷൻ വിതരണം മുടങ്ങി. 50ഓളം കടകൾ കാലിയായെന്നും ഈ സ്ഥിതി തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ കടകൾ കാലിയാകുമെന്നും വ്യാപാരികൾ പറഞ്ഞു. ജില്ലയിലെ മറ്റു താലൂക്കുകളിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരമുള്ള ധാന്യവിതരണവും തടസ്സപ്പെട്ടു.
ഏപ്രിൽ 30നുള്ളിൽ പി.എം.ജി.കെ.വൈയിൽ 607 ലോഡ് ഭക്ഷ്യധാന്യം താലൂക്ക് ഗോഡൗണുകളിലും തുടർന്ന് റേഷൻ കടകളിലും എത്തിച്ച് കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ടതാണ്. മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിയുള്ളതിനാൽ ഈ മാസത്തെ ധാന്യങ്ങൾ പല കാർഡുടമകൾക്കും ലഭിക്കില്ല. ജില്ലയിലെ അഞ്ച് താലൂക്കുകളിലേക്കുള്ള ധാന്യവിതരണം ഒരാഴ്ച കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ കഴിയാത്തതിനാൽ വരുംദിവസങ്ങളിൽ റേഷൻകടകൾ കാലിയാകും.
എഫ്.സി.ഐക്ക് സമീപത്തെ ലോറിയുടമകളും എൻ.എഫ്.എസ്.എ കരാറുകാരനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ചരക്കുനീക്കം തടസ്സപ്പെട്ടത്. സ്വന്തം ലോറികളിൽ ഭക്ഷ്യധാന്യനീക്കം നടത്തണമെന്ന ടെൻഡർ വ്യവസ്ഥ കർശനമാക്കിയതോടെ വളരെ കുറഞ്ഞ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയിരുന്നതെന്ന് എൻ.എഫ്.എസ്.എ കരാറുകാർ പറയുന്നു. സപ്ലൈകോയുടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാൽപോലും ഒരു ലോഡിന് 1000 മുതൽ 2500 വരെ രൂപയുടെ നഷ്ടമുണ്ടാകുമെന്ന് പുതിയ കരാറുകാർ പറയുന്നു.
എഫ്.സി.ഐയുടെ സമീപത്തെ ലോറിയുടമകൾ നിലവിലുള്ള വാടകയിൽ ചെറിയ ഭേദഗതി വരുത്താൻ തയാറാവാത്തതും സപ്ലൈകോയുടെ ടെൻഡർ മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാകാത്തതും മൂലം ഉടലെടുത്ത പ്രതിസന്ധിയാണ് ജില്ലയിലെ ഭക്ഷ്യധാന്യനീക്കം അവതാളത്തിലാക്കിയത്. വർഷങ്ങളായി എഫ്.സി.ഐ പരിസരത്തെ ലോറികളാണ് ധാന്യം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഭക്ഷ്യഭദ്രത നിയമം സപ്ലൈകോ കർശനമാക്കിയതോടെ കരാറുകാരന്റെ ജി.പി.എസ് ഘടിപ്പിച്ച വാഹനം മാത്രമേ ധാന്യവിതരണത്തിന് ഉപയോഗിക്കാവൂവെന്നാണ് വ്യവസ്ഥ.
ചർച്ച ഫലം കണ്ടില്ല
പാലക്കാട്: ജില്ലയിലെ ഒലവക്കോട് എഫ്.സി.ഐയിൽനിന്ന് വിവിധ താലൂക്കുകളിലേക്കുള്ള റേഷൻ കടത്ത് കരാറുകാരും ലോറി തൊഴിലാളികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതാവസ്ഥയിലായ ചരക്കുനീക്കം പുനാരംഭിക്കാൻ ശനിയാഴ്ച നടത്തിയ ചർച്ചയും ഫലം കണ്ടില്ല. ഹേമാംബിക നഗർ സി.ഐയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കരാറുകാർ പ്രദേശത്തെ ലോറിക്കാർക്ക് മൊത്തം അലോട്ട്മെന്റിന്റെ 40 ശതമാനം, സപ്ലൈകോ 2022ൽ നിശ്ചയിച്ച കൈകാര്യ സഹിതം കൊടുക്കാമെന്ന് അറിയിച്ചു.
എന്നാൽ, ഒരു വിഭാഗം ലോറി തൊഴിലാളികൾ ഇതിന് തയാറാകാത്തതിനാൽ ചർച്ച അലസുകയായിരുന്നു. നേരത്തേ എ.ഡി.എം, ജില്ല ലേബർ ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടുതവണ ചർച്ച നടത്തിയിരുന്നു. ഇതോടെ തിങ്കളാഴ്ച പൊലീസ് സംരക്ഷണത്തിൽ ലോഡുകൾ പോകുമെന്ന് അധികൃതർ അറിയിച്ചു.