Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:45 AM IST Updated On
date_range 8 May 2022 5:45 AM ISTറേഷൻ മുൻഗണന: ബി.പി.എൽ പട്ടികയിൽ ഇല്ലാത്തവർക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം മതി
text_fieldsbookmark_border
വകുപ്പ് തല ഉത്തരവിറങ്ങിയില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം സെക്രട്ടറിമാർക്ക് മടി ഇ. ഷംസുദ്ദീൻ പെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കിയ 2009ലെ ബി.പി.എൽ പട്ടികയിൽ പെടാതെ പോയവർക്ക് റേഷൻ മുൻഗണനക്ക് പഞ്ചായത്ത് സെക്രട്ടറി നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കും. 2009ൽ ബി.പി.എല്ലിൽ വരാത്ത കുടുംബങ്ങൾ സാമൂഹികവും സാമ്പത്തികവുമായി പിന്നിലുള്ളവരോ ഏതെങ്കിലും നിലയിൽ അവശതയനുഭവിക്കുന്നവരോ ആണെന്ന് ഉറപ്പാക്കിയാണ് സെക്രട്ടറിമാർ സർട്ടിഫിക്കറ്റ് നൽകേണ്ടതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾക്ക് വകുപ്പ് തലത്തിൽ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം സെക്രട്ടറിമാർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയാണ്. ക്ലേശഘടകങ്ങൾ കണക്കാക്കി 30 മാർക്കെങ്കിലും ഉള്ളവരെയാണ് റേഷൻ മുൻഗണനക്ക് (ബി.പി.എൽ കാർഡ്) പരിഗണിക്കുക. 2009ലെ ബി.പി.എൽ പട്ടികയിൽ വന്നവർക്കോ പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കോ 20, കൂലിപ്പണിക്ക് 10, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 10, തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വീടനുവദിച്ചാൽ 10, വീടും സ്ഥലവും ഇല്ലാതെ വാടകക്കോ മറ്റോ കഴിയുന്നവർക്ക് 10, 65 വയസ്സിന് മുകളിൽ പ്രായമായവരുണ്ടെങ്കിൽ പരമാവധി രണ്ട് പേർക്ക് അഞ്ചു വീതം, വാസയോഗ്യമല്ലാത്ത വീടിന് മൂന്ന്, കുടിവെള്ളമില്ലെങ്കിൽ അഞ്ച്, കക്കൂസ് ഇല്ലെങ്കിൽ അഞ്ച് എന്നിങ്ങനെയാണ് നിലവിൽ പൊതുവിതരണ വകുപ്പ് സോഫ്റ്റ്വെയറിൽ കണക്കാക്കി വരുന്ന ക്ലേശഘടകങ്ങളും മാർക്കും. ഇതിൽ മുൻഗണനേതര കാർഡുമായി ബി.പി.എൽ കാർഡാക്കാനെത്തുന്ന സാമ്പത്തികശേഷിയില്ലാത്ത കൂലിപ്പണിക്കാരാണേറെ. കൂലിപ്പണിക്ക് പത്ത് മാർക്കിട്ടാൽ പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് കൂടി ഉണ്ടെങ്കിലേ 30 മാർക്കിട്ട് സോഫ്റ്റ്വെയറിൽ കയറ്റാനാവൂ. 2009ലെ ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ട മിക്ക കുടുംബങ്ങളും നിലവിൽ റേഷൻ മുൻഗണന വിഭാഗത്തിലുണ്ട്. അതിൽ വരാൻ അർഹതയുണ്ടായിട്ടും വരാതെ പോയവർക്കും പട്ടിക വന്നശേഷം ഏറെ പിന്നാക്ക സ്ഥിതിയിലായവർക്കുമാണ് പഞ്ചായത്ത് സെക്രട്ടറിമാർ അന്വേഷിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഭൂരിഭാഗം സെക്രട്ടറിമാരും നൽകുന്നുണ്ടെങ്കിലും ഒരുവിഭാഗം വിസമ്മതിക്കുകയാണ്. 2009ന് ശേഷം പുതുക്കിയ ബി.പി.എൽ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. വിവരങ്ങൾ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യുകയും പിന്നീട് പൊതുവിതരണ വകുപ്പ് ആസ്ഥാനത്ത് നിന്ന് പട്ടിക തിരിക്കുന്നതുമാണ് രീതി. ഓഡിറ്റിന് വേണ്ടി അപേക്ഷകർ നൽകുന്ന മുഴുവൻ രേഖകളുടെയും പകർപ്പുകൾ താലൂക്ക് സപ്ലൈ ഓഫിസുകളിൽ സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story