Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:50 AM IST Updated On
date_range 2 May 2022 5:50 AM ISTആസ്ത്മ മരുന്നിന് കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പഠനം
text_fieldsbookmark_border
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ പാലക്കാട്: ആസ്ത്മക്കും അലർജികൾക്കും നിർദേശിക്കുന്ന യു.എസ് എഫ്.ഡി.എ അംഗീകൃത മരുന്നായ മോണ്ടെലുകാസ്റ്റിന് കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ കണ്ടെത്തി. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ്-2 (SARS-CoV-2) ഉൽപാദിപ്പിക്കുന്ന ഒരു നിർണായക പ്രോട്ടീനുമായി ബന്ധിപ്പിക്കാനും തടയാനും മോണ്ടെലുകാസ്റ്റിന് കഴിയുമെന്നാണ് കണ്ടെത്തൽ. മനുഷ്യന്‍റെ രോഗപ്രതിരോധ കോശങ്ങളിലെ വൈറൽ അനുരണനം കുറക്കാൻ ഈ മരുന്നിന് കഴിയും. ആസ്ത്മ, അലർജി എന്നിവയുള്ളവർക്ക് രണ്ടു പതിറ്റാണ്ടിലേറെയായി ഡോക്ടർമാർ സാധാരണ നിർദേശിക്കുന്ന മരുന്നാണ് മോണ്ടെലുകാസ്റ്റ്. ഗവേഷകരായ മുഹമ്മദ് അഫ്‌സർ, ആർ. നാരായൺ, എം.എൻ. അക്തർ, ഡി. ദാസ്, എച്ച്. റാഹിൽ, എസ്.കെ. നാഗരാജ്, എസ്.എം. ഈശ്വരപ്പ, എസ്. ത്രിപാഠി, തൻവീർ ഹുസൈൻ എന്നിവരാണ് പഠനം നടത്തിയത്. ഇ-ലൈഫ് -2022 മെഡിക്കൽ ജേണലിലാണ് കോവിഡിനെതിരായ ആന്‍റിവൈറൽ പ്രവർത്തനം പ്രതിപാദിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്. എൻ.എസ്.പി-ഒന്ന് (Nsp1) എന്ന് വിളിക്കുന്ന കോവിഡ് പ്രോട്ടീനുമായി സി-ടെർമിനൽ മേഖലയിൽ മോണ്ടെലുകാസ്റ്റ് ശക്തമായി ബന്ധിക്കുന്നതായി ഗവേഷണം തെളിയിച്ചു. മനുഷ്യകോശങ്ങൾക്കുള്ളിൽ കടന്നുകയറപ്പെട്ട ആദ്യത്തെ വൈറൽ പ്രോട്ടീനുകളിൽ ഒന്നാണ് എൻ.എസ്.പി-ഒന്ന്. ഇത് ശരീരത്തിലെ പ്രോട്ടീൻ നിർമാണ യന്ത്രമായ റൈബോസോമുകളുമായി കൂടിച്ചേർന്ന് രോഗപ്രതിരോധ സംവിധാനത്തിന് ആവശ്യമായ സുപ്രധാന പ്രോട്ടീനുകളെ ദുർബലപ്പെടുത്തുന്നു. എൻ.എസ്.പി-ഒന്നിനെതിരെ മോണ്ടെലുകാസ്റ്റ് ഉയർത്തുന്ന പ്രതിരോധം ശരീരത്തിൽ കോവിഡ് വൈറസ് മൂലമുണ്ടാകുന്ന നാശനഷ്ടം കുറക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രോട്ടീനിലെ മ്യൂട്ടേഷൻ നിരക്ക്, പ്രത്യേകിച്ച് സി-ടെർമിനൽ മേഖലയിൽ, ബാക്കിയുള്ള വൈറൽ പ്രോട്ടീനുകളെ അപേക്ഷിച്ച് വളരെ കുറവാണ്. കോവിഡ് വൈറസിന്‍റെ പുതിയ വകഭേദങ്ങളിലും എൻ.എസ്.പി-ഒന്ന് വലിയ മാറ്റമില്ലാതെ തുടരാൻ സാധ്യതയുള്ളതിനാൽ, മോണ്ടെലുകാസ്റ്റ് എല്ലാ വകഭേദങ്ങൾക്കും എതിരായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകർ പറയുന്നു. 1600ലധികം എഫ്.ഡി.എ -അംഗീകൃത മരുന്നുകൾ പരിശോധിച്ച ശേഷമാണ് എൻ.എസ്.പി-ഒന്നുമായി ശക്തമായി ബന്ധിപ്പിക്കുന്ന മരുന്നിനെ ഗവേഷക സംഘം വേർതിരിച്ചത്. കെ.പി. യാസിർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story