Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:46 AM IST Updated On
date_range 3 April 2022 5:46 AM ISTആത്മീയ സദസ്സിന്‍റെ മറവിലെ തട്ടിപ്പുകൾക്കെതിരെ സമസ്ത-എസ്.വൈ.എസ് അന്വേഷണത്തിന്
text_fieldsbookmark_border
സ്വന്തം ലേഖകൻ പാലക്കാട്: മണ്ണാർക്കാട് ആര്യമ്പാവിന് സമീപം കൊടക്കാട് കേന്ദ്രീകരിച്ച് നടത്തുന്ന ആത്മീയ സദസ്സിന്‍റെ മറവിൽ അരങ്ങേറുന്നത് വൻ സാമ്പത്തിക ചൂഷണമെന്ന് ആരോപണം. സമൂഹമാധ്യമത്തിലൂടെ പ്രശസ്തനായ ആത്മീയ ചികിത്സകൻ നടത്തുന്ന ദുആ മജ്ലിസുകൾക്കെതിരെ സമസ്തയുടെ മുഅല്ലിം സംഘടനയും പ്രമുഖ സമസ്ത നേതാക്കളും പരസ്യമായി രംഗത്തുവന്നു. ആൾദൈവ സങ്കൽപം സൃഷ്ടിക്കുന്ന അഭിനവ ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയണമെന്നും ആത്മീയ സദസ്സ് എന്ന പേരിൽ ഇത്തരം ആളുകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽനിന്ന് വിട്ടുനിൽക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നിർവാഹക സമിതി ആവശ്യപ്പെട്ടു. മലേഷ്യൻ സന്ദർശനത്തിനുശേഷം സ്വയം ജമലുലൈലി എന്നു പരിചയപ്പെടുത്തിയാണ് 45കാരൻ യുട്യൂബിലൂടെ ആത്മീയ സദസ്സുകൾ സംഘടിപ്പിച്ചുതുടങ്ങിയത്. കോവിഡ് കാലത്ത്ഇയാളുടെ പ്രഭാഷണത്തിലും പ്രാർഥനയിലും ആകൃഷ്ടരായവർ വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി കൂടുതൽ ആളുകളിലേക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തി. വിവിധ ജില്ലകളിൽ സ്ത്രീകൾ ഉൾപ്പെടെ അഡ്മിനുകളായ വാട്സ്ആപ് ഗ്രൂപ്പുകൾ രൂപപ്പെട്ടു. നൂറുകണക്കിന് സ്ത്രീകളാണ് ഇങ്ങനെ ആത്മീയ ചികിത്സകന്‍റെ അനുയായികളായി മാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ കൊടക്കാടും കരിങ്കല്ലത്താണിയിലുമായി സംഘടിപ്പിച്ച പ്രാർഥന സദസ്സുകളിലേക്ക് വിവിധ ജില്ലകളിൽനിന്ന് എത്തിച്ചേർന്നത് ആയിരങ്ങളാണ്. ടൂറിസ്റ്റ് ബസുകളിലും മറ്റു വാഹനങ്ങളിലുമാണ് ആളുകൾ എത്തിയത്. വിപുലമായ സൗകര്യം ഒരുക്കിയായിരുന്നു പരിപാടി. അനാഥകൾക്ക് എന്ന പേരിൽ വൻതോതിൽ പണം പിരിക്കുന്നുണ്ട്. തേൻ അടക്കം നൽകിയുള്ള ആത്മീയ ചികിത്സയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പും അരങ്ങേറുന്നു. സ്ത്രീകളാണ് അധികവും ചൂഷണത്തിൽ അകപ്പെടുന്നത്. കഴിഞ്ഞ ദിവസം കരിങ്കല്ലത്താണിയിൽ നടന്ന പ്രാർഥന മജ്ലിസിൽ പ്രമുഖ സമസ്ത നേതാവ് വരുകയും ചില സുന്നി നേതാക്കൾ ഇതിന്‍റെ സംഘാടകരാവുകയും ചെയ്തതോടെയാണ് വിഷയം സമസ്തയിൽ ഗൗരവമുള്ള ചർച്ചയായത്. ഇത്തരം അനാചാര മൂർത്തികൾക്കെതിരെ സമസ്ത പണ്ഡിതർ പ്രതികരിക്കുമെന്ന് പ്രത്യാശിക്കുന്നതായി കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഫേസ്ബുക്കിൽ കുറിച്ചു. മതമേഖലയിൽ പ്രവർത്തിക്കുന്നവർ മതനിയമം പാലിക്കണമെന്നും മതത്തിന്‍റെ മേലങ്കിയണിഞ്ഞ് ആഭാസത്തിന് നേതൃത്വം നൽകിയാൽ പിടിച്ചുകെട്ടേണ്ടിവരുമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പ്രതികരിച്ചു. വ്യക്തികളാൽ നയിക്കപ്പെടുന്ന ആത്മീയ സദസ്സുകളെക്കുറിച്ചുള്ള ചർച്ചകളുടെ വെളിച്ചത്തിൽ ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് പഠനം നടത്തി സമസ്തക്ക് റിപ്പോർട്ട് നൽകാൻ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story