Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2022 5:29 AM IST Updated On
date_range 27 March 2022 5:29 AM ISTഹൈകോടതി വിധി പാടംനികത്തലിന് തടയിടുമെന്ന് പ്രതീക്ഷ
text_fieldsbookmark_border
പാലക്കാട്: 2008ലെ തണ്ണീർത്തട സംരക്ഷണ നിയമത്തിന് മുമ്പ് ഉടമസ്ഥാവകാശമുള്ളവർക്ക് മാത്രമാണ് വീടിനായി വയൽ നികത്താൻ അനുമതിയുള്ളതെന്ന ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി പാടം നികത്തൽ തടയാൻ പരിധിവരെ സഹായകരമാകും. 2008 ആഗസ്റ്റ് 12ന് ശേഷം ഭൂമി കൈമാറി കിട്ടിയവർക്ക് ഇളവ് ലഭിക്കില്ലെന്ന വിധി നിലംനികത്തലിന് തടയിടാൻ പര്യാപ്തമാവുമെന്ന് പരിസ്ഥിതി പ്രവർത്തകരും കർഷക സംഘടനകളും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കോടതി ഉത്തരവ് പ്രകാരം സർക്കാർ കർശന നിലപാടെടുത്താൽ, അനുദിനം ഇല്ലാതാവുന്ന പാടങ്ങൾ നിലനിർത്താൻ സഹായകരമാകും. കഴിഞ്ഞ സർക്കാർ, തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുകയും ഇളവുകൾ അനുവദിക്കുകയും ചെയ്തതോടെ പാടം നികത്തൽ വ്യാപകമായിരുന്നു. പാടം നികത്തലിന് അനുമതി തേടിയുള്ള അപേക്ഷകൾ റവന്യൂ-കൃഷി ഓഫിസുകളിലേക്ക് പ്രവഹിക്കുകയാണ്. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ തീർപ്പുകൽപ്പിച്ച് പരമാവധി വേഗത്തിൽ നിലംനികത്തലിന് അനുമതി ലഭ്യമാക്കാൻ സഹായകരമായ നിലപാടാണ് സർക്കാർ കൈകൊള്ളുന്നത്. സംസ്ഥാനത്തെ വിവിധ ആർ.ഡി.ഒ ഓഫിസുകളിൽ നിലംനികത്തലിന് 1.20 ലക്ഷത്തിലേറെ അപേക്ഷകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ മിക്കതും നിയമം നിലവിൽ വന്നശേഷം പാടം വാങ്ങുകയും പഴുതുകൾ ഉപയോഗപ്പെടുത്തി നികത്തലിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തവയാണ്. നിയമത്തിൽ വെള്ളംചേർത്ത്, പാടം നികത്തലിന് മൗനാനുവാദം നൽകിയ സർക്കാർ നടപടികൾക്കുള്ള തിരിച്ചടിയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന വിധിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008ൽ നിയമം നിലവിൽ വരുമ്പോൾ വയൽ കൈവശമുള്ളയാൾക്ക് താമസിക്കാൻ ജില്ലയിൽ വേറെ വീടില്ലെങ്കിലാണ് നഗരസഭയിൽ 2.02 ആർ, പഞ്ചായത്തുകളിൽ 4.4 ആർ എന്നിങ്ങനെ വീട് പണിയാൻ ഇളവ് അനുവദിച്ചിട്ടുള്ളതെന്ന് കോടതി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story