Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:34 AM IST Updated On
date_range 27 Feb 2022 5:34 AM ISTയാത്രക്കാർ കൂടിയാൽ പുതിയ ട്രെയിൻ -ജനറൽ മാനേജർ
text_fieldsbookmark_border
യാത്രക്കാർ കൂടിയാൽ പുതിയ ട്രെയിൻ -ജനറൽ മാനേജർ കൊല്ലങ്കോട്: യാത്രക്കാരുടെ എണ്ണം വർധിച്ചാൽ പുതിയ ട്രെയിനുകൾ ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.ജെ. അഗർവാൾ. കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ എണ്ണത്തിന് അനുസൃതമായാണ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതെന്നും ജനറൽ മാനേജർ പറഞ്ഞു. ചെന്നൈ-പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട്ട് നിർത്തണമെങ്കിൽ യാത്രക്കാർ കൂടുതൽ ഉണ്ടാകണം. യാത്രക്കാരുണ്ടെങ്കിൽ സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ തടസ്സം ഉണ്ടാവില്ലെന്നും ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരിയും പറഞ്ഞു. നെല്ലിയാമ്പതി സന്ദർശിച്ചശേഷം കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ജനറൽ മാനേജർ പ്രത്യേക ട്രെയിനിലാണ് കൊല്ലങ്കോട് സ്റ്റേഷനിൽനിന്ന് പുറപ്പെട്ടത്. -------------------------------------------- പൊള്ളാച്ചി പാതയിൽ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണം -യാത്രക്കാർ കൊല്ലങ്കോട്: മീറ്റർ ഗേജിലെ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജറെ കാണാനെത്തി. പൊള്ളാച്ചി റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, ആനമല റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ, പാലക്കാട്-പൊള്ളാച്ചി ലൈൻ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ, വി.പി തറ ഡെവലപ്മെന്‍റ് കമ്മിറ്റി എന്നിവയാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നിവേദനം നൽകിയത്. വൈദ്യുതീകരണം പൂർത്തീകരിക്കുന്ന മുറക്ക് എറണാകുളം-മധുര, കോഴിക്കോട് മധുര, മംഗലാപുരം-രാമേശ്വരം, ഗുരുവായൂർ-മധുര ട്രെയിനുകൾ പുതുതായി സർവിസ് ആരംഭിച്ചാൽ തീർഥാടകർക്ക് ഗുണകരമാകുമെന്ന് വി.പി തറ ഡെവലപ്മെന്‍റ് കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട്, പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ സ്റ്റോപ് വേണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പാലക്കാട്-പൊള്ളാച്ചി ലൈൻ പ്രസിഡന്‍റ് മുരുകൻ ഏറാട്ടിൽ, പി.വി. ഷൺമുഖൻ, സക്കീർ ഹുസൈൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു. രോഗികൾക്കും വയോധികർക്കും ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുവാൻ കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷനുകളിൽ ഇരിപ്പിടങ്ങൾ വേണമെന്നും വടവന്നൂർ റെയിൽവേ സ്റ്റേഷൻ തുറക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ആനമല റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്ന് ആനമല റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ ആർ. മുരുകൻ, എസ്. പ്രസാദ് എന്നിവർ ആവശ്യപ്പെട്ടു. ആളിയാർ, പറമ്പിക്കുളം, ആനമല കടുവാസങ്കേതം, മസാനിയമ്മൻ ക്ഷേത്രം എന്നിവക്കടുത്ത സ്റ്റേഷനായ ആനമലയിൽ ട്രെയിനുകൾ നിർത്തുവാനും ടിക്കറ്റ് റിസർവേഷൻ സൗകര്യം ആരംഭിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. അമൃത, തിരുച്ചെന്തൂർ ട്രെയിനുകൾ അടുത്തടുത്ത സമയങ്ങളിൽ സർവിസ് നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് പൊള്ളാച്ചി റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ കൃഷ്ണ ബാലാജി, ബാലകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു. പൊള്ളാച്ചി, കിണത്തുക്കടവ് സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ആനമല റെയിൽവേ സ്റ്റേഷനടുത്തുള്ള ഡ്രൈനേജ് വഴി അണ്ടർ പാസാക്കി വിപുലീകരിച്ചാൽ റോഡ് മാർഗമുള്ള യാത്രക്കാർക്ക് ഗുണകരമാകുമെന്ന് സുബേയ കൗണ്ടൻ പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം. മോഹൻരാജ് ജനറൽ മാനേജർക്ക് നിവേദനം നൽകി. ചെന്നൈ എക്സ്പ്രസിന് നെന്മാറ നിയോജക മണ്ഡലത്തിൽ സ്റ്റോപ് അനുവദിക്കണമെന്ന് കെ. ബാബു എം.എൽ.എ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.ജെ. അഗർവാളിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പുതുനഗരം, കൊല്ലങ്കോട്, മുതലമട റെയിൽവേ സ്റ്റേഷനുകളിൽ ചെന്നൈ എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്നും നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ച് ടിക്കറ്റ് റിസർവേഷൻ കൗണ്ടർ കൊല്ലങ്കോട്ടിൽ ആരംഭിക്കണമെന്ന് എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു photo pew-klgd ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.ജെ. അഗർവാൾ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പരിശോധിക്കാൻ എത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story