Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2022 5:30 AM IST Updated On
date_range 24 Jan 2022 5:30 AM ISTഞായർ നിയന്ത്രണം പൂർണം
text_fieldsbookmark_border
Lead കടകമ്പോളങ്ങളുടെ പ്രവർത്തനം പേരിനുമാത്രമായിരുന്നു പാലക്കാട്: ജില്ലയിൽ ഞായറാഴ്ച നിയന്ത്രണം പൂർണം. മിക്കയിടത്തും നിരത്തുകൾ ഒഴിഞ്ഞുകിടന്നു. ഗ്രാമപ്രദേശങ്ങളിലടക്കം കടകമ്പോളങ്ങളുടെ പ്രവർത്തനം പേരിനുമാത്രമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴികെ മിക്കയിടത്തും പൂർണ അടച്ചുപൂട്ടലിൻെറ പ്രതീതിയായിരുന്നു. സ്വകാര്യ ബസുകൾ സർവിസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ഒറ്റപ്പെട്ട സർവിസുകൾ നടത്തി. മെഡിക്കൽ സ്റ്റോറുകൾ ഭാഗികമായി തുറന്നു. കഞ്ചിക്കോട് വ്യവസായ മേഖലയടക്കമുള്ളിടങ്ങളിൽ പ്രവർത്തനം ഭാഗികമായിരുന്നു. ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ പ്രവർത്തിച്ചില്ല. കള്ളുഷാപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി ഉണ്ടായെങ്കിലും പകുതിയോളം തുറന്നില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പച്ചക്കറി, പഴക്കടകൾ, പാൽ ഉൽപന്നങ്ങൾ, മത്സ്യം, ഇറച്ചി വിൽപന കേന്ദ്രങ്ങൾ, ബേക്കറി, ഹോട്ടലുകൾ തുടങ്ങിയവക്ക് പ്രവർത്തനാനുമതി നൽകിയെങ്കിലും മിക്കവയും അടഞ്ഞുകിടന്നു. ഹോട്ടലുകളിലും ബേക്കറികളിലും ഹോം ഡെലിവറിയും പാർസലും അനുവദിച്ചിരുന്നു. കോവിഡ് ഏകോപനവുമായി ബന്ധപ്പെട്ട സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. ജില്ലയിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനകളും നടന്നു. സംസ്ഥാന അതിർത്തിയായ വാളയാർ ചെക്ക്‌പോസ്റ്റിൽ പൊലീസ് പരിശോധന നടത്തി. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾക്കായി കേരളത്തിലെത്തിയവരെ രേഖകൾ പരിശോധിച്ച ശേഷം പൊലീസ് കടത്തിവിട്ടു. തമിഴ്നാട്ടിലും വാരാന്ത്യ അടച്ചിടൽ നിലവിലുള്ളതിനാൽ അതിർത്തിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. ചാവടി പാലത്തിനു സമീപം തമിഴ്നാട് അധികൃതരും വാഹന പരിശോധന നടത്തി. ദേശീയപാത ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് വാഹനങ്ങളെ സർവിസ് റോഡിലൂടെ തിരിച്ചാണ് പരിശോധന നടത്തിയത്. ചിത്രം: ഹർത്താലിൽ വിജനമായ വടക്കഞ്ചേരി ടൗൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
