Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2021 5:40 AM IST Updated On
date_range 21 Dec 2021 5:40 AM ISTരണ്ട് വർഷത്തിനകം സിമൻറ് ഉൽപാദനം ഇരട്ടിയാക്കും -മന്ത്രി പി. രാജീവ്
text_fieldsbookmark_border
കൊച്ചിയിൽ ബ്ലെൻഡിങ് യൂനിറ്റ്, മട്ടന്നൂർ കിൻഫ്രയിൽ ഗ്രൈൻഡിങ് യൂനിറ്റ് എന്നിവ ആരംഭിക്കും പാലക്കാട്: സംസ്ഥാനത്ത് രണ്ട് വർഷത്തിനകം സിമന്‍റ് ഉൽപാദനം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പൊതുമേഖല സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ അവലോകന യോഗ ശേഷം വാളയാർ മലബാർ സിമന്റ്സിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഉൽപാദന അളവ് കൂട്ടും. നിലവിൽ ആറ് ലക്ഷം ടൺ സിമൻറാണ് ഒരുമാസം ഉൽപാദിപ്പിക്കുന്നത്. പ്രഫഷനൽ മാർക്കറ്റിങ് അടിസ്ഥാനമാക്കിയുള്ള ഉൽപാദന പ്ലാൻ രൂപവത്കരിച്ച് രണ്ട് വർഷത്തിനകം പരമാവധി 12 ലക്ഷം ടൺ സിമന്‍റ് ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഓരോ ജില്ലകളിലെയും സവിശേഷതകൾ പരിഗണിച്ച് തൊട്ടടുത്തുള്ള ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് യാത്രച്ചെലവ് കുറച്ച് വിൽപന സാധ്യമാക്കും. കൊച്ചി പോർട്ട് ട്രസ്റ്റിൽ ബ്ലെൻഡിങ് യൂനിറ്റ്, കണ്ണൂർ മട്ടന്നൂർ കിൻഫ്രയിൽ ഗ്രൈൻഡിങ് യൂനിറ്റ് എന്നിവ ആരംഭിക്കും. കൊച്ചിയിൽ 12 മാസത്തിനുള്ളിലും മട്ടന്നൂരിൽ 24 മാസത്തിനുള്ളിലും പദ്ധതി പൂർത്തിയാക്കും. രണ്ട് യൂനിറ്റുകളുടെയും പ്രവർത്തനം പുരോഗമിക്കുന്നതോടെ സംസ്ഥാനത്ത് സിമന്‍റ് ഉൽപാദനം വർധിപ്പിക്കും. ഘട്ടം ഘട്ടമായി ഗ്രൈൻഡിങ് യൂനിറ്റുകളുടെ എണ്ണം വർധിപ്പിക്കും. ഭരണാനുമതി ലഭിച്ചാൽ ടെൻഡർ നടപടികൾ ആരംഭിച്ച് രണ്ട് വർഷത്തിനകം പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 41 പൊതുമേഖല സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാറിന് സമർപ്പിച്ചതിൻെറ അടിസ്ഥാനത്തിൽ പദ്ധതികളുടെ ഹ്രസ്വകാല- ഇടക്കാല- ദീർഘകാല ലക്ഷ്യങ്ങൾ യോഗം ചർച്ച ചെയ്തു. പദ്ധതി നടത്തിപ്പിനായി മാസ്റ്റർ പ്ലാൻ തയാറാക്കാൻ പ്രത്യേക മാനേജ്മെന്‍റ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ഏഴ് സെക്ടറായി തിരിച്ച്, ഓരോ സെക്ടറിലായി മാർക്കറ്റിങ്, ഫിനാൻസ് വിദഗ്ധർ ഉൾപ്പെടുന്ന സംവിധാനമാണ് നിശ്ചയിച്ചിട്ടുള്ളത്. ഏഴ് ടീമുകളെ ഏകോപിപ്പിക്കാൻ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് ഡയറക്ടർ കെ.കെ. റോയി കുര്യനെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. ജില്ലയിൽ പൊതുമേഖല സ്ഥാപനങ്ങൾ ആരംഭിക്കാൻ സ്ഥലം കണ്ടെത്തും. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം ഓൺലൈനായി നടത്തിയതായും മന്ത്രി അറിയിച്ചു. മലബാർ സിമന്റ്സിൽ മാനേജ്മെന്‍റ് കാഡർ തസ്തികകളിലെ ഒഴിവ് റിക്രൂട്ട്മൻെറ് മുഖേന നികത്തും. സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ പിന്തുണ നൽകും. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മലബാർ സിമന്റ്സ് മാനേജിങ് ഡയറക്ടർ എം. മുഹമ്മദ് അലി എന്നിവർ പങ്കെടുത്തു. pkg rajeev വ്യവസായ മന്ത്രി പി. രാജീവ് വാളയാർ മലബാർ സിമന്റ്സ് സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story