Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:28 AM IST Updated On
date_range 16 Dec 2021 5:28 AM ISTമണ്ണാർക്കാട്ട് നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsbookmark_border
മണ്ണാർക്കാട്: നേതൃത്വത്തിനെതിരെ വീണ്ടും നാടകീയ നീക്കവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മുസൽമ. രാജിക്കത്ത് നൽകിയിട്ടില്ലെന്ന് കാണിച്ച് പ്രസിഡൻറ് രംഗത്തുവന്നതോടെ മുസ്ലിംലീഗ് നേതൃത്വം വീണ്ടും വെട്ടിലായി. പ്രസിഡൻറ് ഉമ്മുസൽമക്കെതിരെ മാസങ്ങളായി യു.ഡി.എഫ് അംഗങ്ങൾ പരാതി ഉന്നയിക്കുകയായിരുന്നു. ഒടുവിൽ സ്വന്തം പ്രസിഡൻറിനെതിരെ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസും നൽകി. കഴിഞ്ഞ മാസം 20 നായിരുന്നു അവിശ്വാസം ചർച്ചക്കെടുത്തത്. അവിശ്വാസ ചർച്ച വരുന്നതിന് മുമ്പായി നടന്ന സമവായ ചർച്ചകൾക്കൊടുവിൽ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെടുകയും ഉമ്മുസൽമ ഡിസംബർ 20ന് രാജി വെക്കുമെന്നും രാജിക്കത്ത് മുൻകൂറായി നേതൃത്വത്തിന് ലഭിച്ചുവെന്നും അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് അവിശ്വാസത്തിൽനിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. എന്നാൽ ഇങ്ങനെയൊരു രാജിക്കത്ത് താൻ ആർക്കും ഒപ്പിട്ട് നൽകിയിട്ടില്ലെന്നും സ്ഥാനം രാജി വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ഒപ്പിട്ടതെന്ന നിലക്ക് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ടെങ്കിൽ അത് വ്യാജമാണെന്നും കാണിച്ച് കഴിഞ്ഞ ദിവസം നോട്ടറി സാക്ഷ്യപ്പെടുത്തിയ കത്ത് അഡ്വ. ഉമ്മുസൽമ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. പ്രസിഡൻറിൻെറ പുതിയ നീക്കത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങലിലാണ് മുസ്ലിംലീഗ് നേതൃത്വം. സംസ്ഥാന നേതൃത്വം നേരത്തെ അറിയിച്ച ധാരണ പ്രകാരം രാജി വെക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രസിഡൻറിൻെറ പുതിയ നിലപാട്. ഉമ്മുസൽമയുടെ പുതിയ നീക്കത്തിൽ ലീഗിനൊപ്പം യു.ഡി.എഫും പ്രതിരോധത്തിലായിരിക്കുകയാണ്. 20ന് പ്രസിഡൻറ് രാജി വെച്ചില്ലെങ്കിൽ നവംബറിലെ അവിശ്വാസം തള്ളിയതുകൊണ്ട് വീണ്ടുമൊരു അവിശ്വാസം കൊണ്ടുവരണമെങ്കിൽ ആറുമാസം കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story