Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:40 AM IST Updated On
date_range 6 Dec 2021 5:40 AM ISTകെട്ടിട നമ്പർ ഇല്ലാതെ റേഷൻ കാർഡ്: അപേക്ഷകൾ നിരസിക്കുന്നു
text_fieldsbookmark_border
സമൂർ നൈസാൻ മലപ്പുറം: കെട്ടിട നമ്പർ ഇല്ലാത്തവർക്കും റേഷൻ കാർഡ് നൽകാനുള്ള സർക്കാർ ഉത്തരവ് നടപ്പാകുന്നില്ലെന്ന് പരാതി. കെട്ടിട നമ്പർ ഇല്ലാതെ അയക്കുന്ന അപേക്ഷകൾ തിരിച്ചയക്കുന്നതിനാൽ അക്ഷയ സൻെററുകൾ ഇവ സ്വീകരിക്കുന്നില്ല. വീട്ടുനമ്പർ ഇല്ലാത്തവർക്കും വീട് ഇല്ലാത്തവർക്കും കാർഡ് നൽകാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. അപേക്ഷകൻ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനം നൽകുന്ന കെട്ടിട നമ്പർ ഇല്ലെങ്കിലും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർ പരിശോധന നടത്തി യോഗ്യമാണെന്ന് ബോധ്യപ്പെട്ടാൽ കാർഡ് അനുവദിക്കാമെന്നാണ് ഉത്തരവ്. ഒരേ കെട്ടിടത്തിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ വെവ്വേറെ കാർഡ് നൽകാം. സ്വന്തമായി വീടില്ലാത്തവർക്കും റേഷൻ കാർഡ് നൽകും. ആവശ്യമായ രേഖകൾ സഹിതം പുതിയ കാർഡിന് അക്ഷയ മുഖേനയോ ഓൺലൈൻ ആയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസർക്ക് അപേക്ഷ നൽകാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം അപേക്ഷകൾ മിക്കയിടത്തും അക്ഷയ കേന്ദ്രങ്ങൾ സ്വീകരിക്കുന്നില്ല. കെട്ടിട നമ്പർ ഇല്ലാത്തതിനാൽ തിരിച്ചയക്കുന്നതിനാലാണ് ഇത്തരം അപേക്ഷകൾ അയക്കാൻ സാധിക്കാത്തതെന്നാണ് അക്ഷയ സൻെററുകൾ നൽകുന്ന മറുപടി. കെട്ടിട നമ്പർ ഇല്ലാത്തവർ നിശ്ചിത കോളത്തിൽ 'പൂജ്യം' ചേർത്ത് അയക്കാനാണ് ഉദ്യോഗസ്ഥരുടെ നിർദേശം. എന്നാൽ, 'പൂജ്യം' ചേർത്ത അപേക്ഷകളും തിരിച്ചയക്കുകയാണെന്ന് അപേക്ഷകർ പറയുന്നു. കെട്ടിട നമ്പർ ഇല്ലാത്തവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതുപ്രവർത്തകൻ കോഡൂർ സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ഭക്ഷ്യ പൊതുവിതരണ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് മറുപടിയായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയിൽനിന്ന് ലഭിച്ച മറുപടിയിൽ അപേക്ഷകൻ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനം നൽകുന്ന കെട്ടിട നമ്പർ ഇല്ലെങ്കിലും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസറുെട പരിശോധനയിൽ യോഗ്യമാണെന്ന് ബോധ്യപ്പെട്ടാൽ കാർഡ് അനുവദിക്കാമെന്ന് 2021ൽ ഇറങ്ങിയ കെ.ടി.പി.ഡി.എസ് ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അക്ഷേയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാൻ പറ്റാത്ത സാഹചര്യം അന്വേഷിക്കുമെന്നും ജില്ല സപ്ലൈ ഒാഫിസർ ടി. ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story