Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2021 5:28 AM IST Updated On
date_range 24 Jun 2021 5:28 AM ISTമണ്ണാർക്കാട്ട് വാക്‌സിൻ വിതരണത്തില്‍ അപാകതയെന്ന്
text_fieldsbookmark_border
മണ്ണാർക്കാട്: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ബുധനാഴ്ച നടത്തിയ വാക്‌സിൻ വിതരണത്തിൽ അപാകതയെന്ന്. താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച 500 പേര്‍ക്ക് വാക്സിന്‍ നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ 100 ഡോസ് ഓണ്‍ലൈനായും 400 ഡോസ് സ്പോട്ട് രജിസ്ട്രേഷനുമായി നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. സ്പോട്ട് വാക്‌സിനേഷന് ടോക്കണ്‍ വിതരണം ബുധനാഴ്ച രാവിലെ എട്ടിന് ആരംഭിക്കുമെന്നാണ് അറിയിപ്പിലുണ്ടായിരുന്നത്. എന്നാല്‍ അറിയിപ്പിന് വിപരീതമായി എട്ടിന് മുമ്പായി മുഴുവന്‍ ടോക്കണും വിതരണം ചെയ്തതായാണ് ആരോപണമുയർന്നത്. അറിയിപ്പനുസരിച്ച് ടോക്കൺ എടുക്കാൻ എട്ടിന് എത്തിയ ആളുകൾ ടോക്കൺ രാവിലെ ആറിന് തന്നെ നൽകിയെന്ന ബന്ധപ്പെട്ടവരുടെ മറുപടി കേട്ട് രോഷാകുലരായി. അശാസ്ത്രീയമായ ടോക്കണ്‍ വിതരണം അംഗീകരിക്കാൻ ആവില്ലെന്ന് ആരോപിച്ച് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ആളുകൾ ബഹളം വെച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ചൊവ്വാഴ്ച വാക്‌സിനേഷൻ സംബന്ധിച്ച ഓൺലൈൻ രജിസ്ട്രേഷൻ അറിയിപ്പ് നൽകിയത് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണെന്ന് പരാതിക്കാർ പറഞ്ഞു. പ്രായമായവരുൾെപ്പടെ നൂറുകണക്കിന് ആളുകളാണ് വാക്‌സിൻ കേന്ദ്രമായ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളിൽ വന്നു മടങ്ങിയത്. എന്നാൽ ആളുകൾ നേരത്തെ തന്നെ എത്തിയതുകൊണ്ട് തിരക്കൊഴിവാക്കാനാണ് ടോക്കൺ നേരത്തെ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചില വ്യക്തികളുടെ തന്നിഷ്ടങ്ങളാണ് താലൂക്ക് ആശുപത്രിയിൽ നടക്കുന്നതെന്ന് ജില്ല പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ആരോപിച്ചു. ടോക്കൺ വിതരണത്തിലെ പരാതി സംബന്ധിച്ചു അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ എട്ടിന് നൽകുമെന്ന് പറഞ്ഞ ടോക്കൺ അതിരാവിലെ ആറ് മുതൽ കൊടുത്തുതീർത്തത് ആരുടെ തീരുമാനമാണെന്ന് താലൂക്ക് ആശുപത്രി അധികൃതരും നഗരസഭയും വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡൻറ് കെ.വി. അമീര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story