Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 5:34 AM IST Updated On
date_range 28 Jan 2021 5:34 AM ISTപത്മശ്രീ മണിക്ഫാൻ ഇവിടെയുണ്ട്; ഒളവണ്ണയിലൊരു വാടക വീട്ടിൽ
text_fieldsbookmark_border
മുജീബ് പെരുമണ്ണ പന്തീരാങ്കാവ് (കോഴിക്കോട് ): കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും അന്വേഷിച്ചെത്തുംവരെ നല്ലളം പൂളക്കടവുകാർക്കു അലി മണിക്ഫാൻ തലപ്പാവും ജുബ്ബയും മുണ്ടും ധരിച്ച ഊശാൻ താടിവെച്ച ഒരു ദ്വീപുകാരൻ മത പണ്ഡിതനായിരുന്നു. േകന്ദ്ര സർക്കാർ പത്മശ്രീ നൽകി ആദരിച്ച നാവിക ഗോള ശാസ്ത്ര ഗവേഷകനാണ് പൂളക്കടവ് പാലത്തിനുസമീപം കൊച്ചു വാടക വീട്ടിൽ താമസിക്കുന്നതെന്ന് സമീപത്തുള്ളവർപോലുമറിയുന്നതു പുരസ്കാര ജേതാവിനെ തേടിയെത്തുന്നവരുടെ ബഹളം കണ്ടിട്ടാണ്. രണ്ടു ദിവസം മുമ്പ് പൊലീസിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ആദ്യം മണിക്ഫാനെ തേടി എത്തിയത്. പക്ഷേ, പുരസ്കാരത്തെക്കുറിച്ച് പൊലീസിനോ മണിക്ഫാനോ അറിയില്ലായിരുന്നു. പിന്നീട് ഡൽഹിയിൽനിന്നു വിളിച്ചാണ് വിവരം നൽകിയത്. പിന്നാലെ കേരള ഗവർണറുടെ വിളിയുമെത്തി. ജീവിതത്തിലുടനീളം വേറിട്ട വഴികളിലൂടെ മാത്രം സഞ്ചരിച്ച അലി മണിക്ഫാന് പത്മശ്രീയും 'അത്രവലിയ' സംഭവമായിരുന്നില്ല. അതുകൊണ്ടാണ് പുരസ്കാര വാർത്ത വന്ന ദിവസവും സാധാരണ ഭക്ഷണമായ വറുത്ത കായയും ചെറുപഴവും കഴിച്ചു ഫോൺ ഭാര്യയെ ഏൽപിച്ചു രാത്രി എട്ടുമണിക്കു തന്നെ ഉറങ്ങാൻപോയത്. ആദ്യ ഭാര്യയുടെ മരണശേഷം 2011ലാണ് മണിക്ഫാൻ നല്ലളം വലിയകത്ത് സുബൈദയെ വിവാഹം കഴിക്കുന്നത്. ലക്ഷദ്വീപിലും തമിഴ്നാട്ടിലുമൊക്കെയായി താമസിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ജൂൺ മുതലാണ് പൂളക്കടവിനടുത്ത വാടകക്ക് താമസം തുടങ്ങിയത്. പണയത്തിനാണ് ഈ വീടെടുത്തത്. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വിരമിച്ചശേഷം ലഭിക്കുന്ന പെൻഷനാണ് മണിക്ഫാൻെറയും ഭാര്യയുടെയും ജീവിതോപാധി. ഇടക്ക് ക്ലാസുകളെടുക്കാനും പ്രഭാഷണങ്ങൾക്കുമായി പുറത്തുപോവാറുണ്ട്. അല്ലാത്ത സമയമെല്ലാം എഴുത്തും വായനയുമായി വീട്ടിൽ ശാസ്ത്ര- മത ചിന്തകളുടെ ലോകത്തു തന്നെയാണ്. നിലവിലെ സാമ്പ്രദായിക വിദ്യാലയ രീതികളെ സ്വന്തം ജീവിതംകൊണ്ട് തിരുത്തിയാണ് മണിക്ഫാൻ മാതൃക കാട്ടിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൻെറ സ്കൂൾ ഈ കെട്ടിടങ്ങൾക്കു പുറത്താണെന്ന് മണിക്ഫാൻ തിരിച്ചറിഞ്ഞത്. ഗവേഷണങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമെല്ലാം നടത്തിയത് പ്രകൃതിയിൽനിന്നായിരുന്നു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ജർമൻ, ലാറ്റിൻ ഭാഷകൾക്കൊപ്പം സംസ്കൃതം, തമിഴ്, മലയാളം, കന്നട തുടങ്ങി 14 ഭാഷകളിൽ പ്രാവീണ്യമുണ്ട്. എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം തെറ്റാണെന്ന് വിശ്വസിക്കുന്ന മണിക്ഫാൻ തൻെറ നാല് മക്കളെയും ഔപചാരിക വിദ്യാഭ്യാസത്തിന് വിട്ടിട്ടില്ല. അദ്ദേഹത്തിൻെറ ശിക്ഷണത്തിൽ വളർന്ന മക്കളിൽ, ഏക മകൻ മർച്ചൻറ് നേവിയിലും പെൺകുട്ടികൾ സ്കൂൾ ടീച്ചർമാരായുമാണ് ജോലി ചെയ്യുന്നത്. ആഗോള ഹിജ്റ കലണ്ടറിൻെറ ഉപജ്ഞാതാവ് എന്ന നിലയിൽ മതവേദികളിൽ പ്രശസ്തനായ മണിക്ഫാൻ ആഗോള ഏകീകൃത പെരുന്നാളിനും റമദാൻ അനുഷ്ഠാനത്തിനുമായി നിരവധി പ്രഭാഷണങ്ങൾ നടത്തി. ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ജീവിതത്തിൽ സമ്പാദിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പല ജോലികളും ഉപേക്ഷിച്ച് ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടേയും വഴി തിരഞ്ഞെടുത്തത്. സമ്പാദ്യമെല്ലാം മക്കൾക്ക് വീതിച്ചു നൽകിയാണ് ഇപ്പോൾ ഒളവണ്ണയിൽ ഭാര്യയോടൊപ്പം സ്വസ്ഥമായി കഴിയുന്നത്. പത്മശ്രീ ജീവിതത്തിലെന്ത് മാറ്റം വരുത്തുമെന്ന ചോദ്യത്തിന്, നാളെയും ഈ രീതികളുമായി ഇവിടെ തന്നെയുണ്ടാവുമെന്ന മറുപടിയിൽ സത്യസന്ധമായ തൻെറ ജീവിതം തുറന്നു പ്രഖ്യാപിക്കുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story