Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:09 AM IST Updated On
date_range 22 Aug 2022 1:09 AM ISTചരിത്രപുരുഷൻ എം.ജി.എസ് നവതി നിറവിൽ
text_fieldsbookmark_border
കോഴിക്കോട്: പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ നവതി നിറവിൽ. മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന എം.ജി.എസ്. നാരായണൻ 1932 ആഗസ്റ്റ് 20ന് പൊന്നാനിയിലാണ് ജനിച്ചത്. നാട്ടിലെ വിദ്യാഭ്യാസശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ആദ്യം അധ്യാപകനായി. 1973ൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 1992ൽ വിരമിക്കുന്നതുവരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിന്‍റെ തലവനുമായി. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്‍റെ നിർവാഹക സമിതി അംഗമായി. ചരിത്രഗവേഷണകൗൺസിൽ അധ്യക്ഷനായും പ്രവർത്തിച്ചു. ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്‍റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്‍റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്യൂണിസവും, പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്) തുടങ്ങി നിരവധി ചരിത്രരചനകളാണ് ഇദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്നത്. 1965ൽ കേരള സർവകലാശാലയുടെ കോഴിക്കോട്ടെ പി.ജി സൻെററിലാണ് അദ്ദേഹം ജോലിക്ക് ചേർന്നത്. 1968ൽ കാലിക്കറ്റ് സർവകലാശാല തുടങ്ങിയതോടെ ചരിത്രപഠനവകുപ്പിന്‍റെ ഭാഗമായി. '73ൽ റീഡറും '76ൽ പ്രഫസറുമായി. പിന്നീട് സോഷ്യൽ സയൻസിന്‍റെ ഫാക്കൽറ്റി ഡീനുമായി. പ്രത്യേക ലൈബ്രറിയും ഹിസ്റ്ററി മ്യൂസിയവും സ്ഥാപിക്കുന്നതിലും സിലബസുകൾ പരിഷ്കരിക്കുന്നതിലും സെമസ്റ്റർ സിസ്റ്റം കൊണ്ടുവന്നതിലും ഇദ്ദേഹം വലിയ പങ്കുവഹിച്ചു. ദേശീയ, അന്താരാഷ്ട്ര സെമിനാറുകളിൽ നൂറിലേറെ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ശ്രദ്ധനേടി. എട്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള, മധ്യകാല കേരളചരിത്രമാണ് ഇദ്ദേഹത്തിന്‍റെ 'പെരുമാള്‍സ് ഓഫ് കേരള'. ഇളംകുളം കുഞ്ഞന്‍പിള്ളയായിരുന്നു എം.ജി.എസിന്‍റെ ഗുരുവും വഴികാട്ടിയും. വാജ്പേയി സർക്കാർ അധികാരത്തിലുള്ളപ്പോഴാണ് ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്‍റെ ചെയർമാനായത്. നാടിന്‍റെ വികസനത്തിനും മുൻനിരയിലുണ്ട് ഈ ചരിത്ര പുരുഷൻ. മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡിന്‍റെ വികസനത്തിനായുള്ള ഇടപെടലാണ് ഇതിൽ ശ്രദ്ധേയം. എം.ജി.എസിന്‍റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ റോഡ് ഉപരോധമടക്കമുള്ള സമരം നടത്തിയതോടൊയണ് സർക്കാർ നടപടി വേഗത്തിലാക്കി റോഡിനുള്ള ഫണ്ടുകളടക്കം ലഭ്യമാക്കിയത്. ഭാര്യ പ്രേമലതക്കൊപ്പം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ മൈത്രിയിലാണ് താമസം. വിജയ് കുമാർ (റിട്ട. എയർഫോഴ്സ്), വിനയ മനോജ് (നർത്തകി) എന്നിവരാണ് മക്കൾ. ആദ്യകാലത്തൊന്നും പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്നും രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20നാണ് എം.ജി.എസിന്‍റെയും ജന്മദിനമെന്നും അങ്ങനെയാണ് പിറന്നാൾ അറിയാറെന്നും ഭാര്യ പ്രേമലത 'മാധ്യമ'ത്തോട് പറഞ്ഞു. പിറന്നാൾ ദിനത്തിൽ ഡോ. ആർസുവിന്‍റെയും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഗ്ലോബൽ പീസ് ട്രസ്റ്റ് ഭാരവാഹികൾ വീട്ടിലെത്തി ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നു. സാധിച്ചാൽ ഇനിയും ചരിത്ര രചന നടത്തുമെന്നാണ് ഈ വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story