Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:44 AM IST Updated On
date_range 21 Jun 2022 5:44 AM IST'കോഴ്സ് കാൻസൽ ചെയ്യൽ' നിർത്തലാക്കി ഹയർ സെക്കൻഡറി വിഭാഗം; വിദ്യാർഥികൾ ആശങ്കയിൽ
text_fieldsbookmark_border
മലപ്പുറം: പ്ലസ് വൺ, പ്ലസ് ടു തലത്തിൽ താൽപര്യമില്ലാത്ത വിഷയങ്ങൾ കാൻസൽ ചെയ്ത് മറ്റ് വിഷയങ്ങളിലേക്ക് മാറാനുള്ള സൗകര്യം റദ്ദാക്കിയ ഹയർ സെക്കൻഡറി വിഭാഗത്തിന്‍റെ നടപടിയിൽ വിദ്യാർഥികൾ ആശങ്കയിൽ. ഹയർ സെക്കൻഡറി വകുപ്പിന്‍റെ പുതിയ നയംമൂലം ഒരുവിഭാഗം വിദ്യാർഥികളുടെ തുടർപഠനം ഇല്ലാതാവുന്നെന്നാണ് ആരോപണം. മുൻവർഷങ്ങളിലെല്ലാം അനുവദിച്ചിരുന്ന 'കോഴ്സ് കാൻസലേഷൻ' സമ്പ്രദായം നിർത്തലാക്കിയതാണ് കാരണം. അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ ബാച്ച് നിലനിർത്താൻ കുട്ടികൾക്ക് താൽപര്യമില്ലെങ്കിൽ പോലും സയൻസ് വിഷയങ്ങളിൽ പ്രവേശനം നേടേണ്ടിവന്നിരുന്നു. ഇത്തരത്തിൽ ആഗ്രഹിച്ച കോമ്പിനേഷൻ കിട്ടാതെ വരുന്നവരും മറ്റ് കാരണങ്ങളാൽ പ്ലസ് ടു പഠനം സാധ്യമാകാതിരുന്നതുമായ വിദ്യാർഥികൾ പിന്നീട് നിലവിലെ കോഴ്സ് കാൻസൽ ചെയ്ത് സർക്കാർ മേഖലയിലോ ഓപൺ സ്കൂളിലോ ചേർന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഹയർ സെക്കൻഡറി വകുപ്പിന്‍റെ പുതിയ ഉത്തരവിൽ പ്ലസ് വൺ പരീക്ഷക്കുമുമ്പുതന്നെ കോഴ്സ് കാൻസൽ ചെയ്യാത്തവർക്ക് ഈ സൗകര്യം അനുവദിക്കില്ല എന്നാണ് പറയുന്നത്. സംസ്ഥാനത്തുടനീളവും മലബാർ മേഖലയിൽ പ്രത്യേകിച്ചും ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടർപഠനം അവതാളത്തിലാകുന്ന തീരുമാനമാണിതെന്നാണ് ആരോപണം. പ്ലസ് ടു പഠനം പാതിവഴിയിൽ നിർത്തിയവർക്ക് പ്രായമോ വർഷമോ ബാധകമാകാത്ത രീതിയിൽ ഓപൺ സ്കൂളിൽ ചേർന്ന് പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ, മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 2015നുശേഷം പഠനം നിർത്തിയവർക്ക് മാത്രം പുനഃപ്രവേശനം നൽകാനാണ് ഇപ്പോഴുള്ള തീരുമാനം. 2015നുമുമ്പ് പ്ലസ് ടു പഠനം പാതിവഴിയിൽ നിർത്തിയവർക്ക് പുതിയ നയം കാരണം തുടർപഠനം സാധ്യമല്ലാതെ വന്നിരിക്കുകയാണ്. കേരളത്തിൽ പ്ലസ് ടു പഠനം മുടങ്ങുന്നതോടെ ഇത്തരം വിദ്യാർഥികൾ ഇതര സംസ്ഥാന ബോർഡുകളേയോ, കേന്ദ്ര ഓപൺ സ്കൂളിനേയോ സമീപിക്കേണ്ടിവരും. എന്നാൽ, ഇവിടെയും പ്രവേശനം നേടണമെങ്കിൽ വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) ആവശ്യമാണ്. വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഓപൺ സ്കളിലോ, ഹയർ സെക്കൻഡറി സ്കൂളിലോ ചെയ്തിരുന്ന കോഴ്സ് കാൻസലേഷൻ നടത്തണം. നിലവിൽ ഓപൺ സ്കൂൾ പുനഃപ്രവേശനം ജൂൺ 22ന് അവസാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story