തൊമ്മൻകുത്ത് വിനോദസഞ്ചാര കേന്ദ്രമായിട്ടും സൗകര്യങ്ങൾ അകലെ
text_fieldsതൊമ്മൻകുത്ത്: ടൂറിസ്റ്റ് കേന്ദ്രമായിട്ടും തൊമ്മൻകുത്തിലേക്ക് വികസനം എത്തുന്നില്ലെന്ന് പരാതി. കരിമണ്ണൂർ പഞ്ചായത്തിലെ മൂന്നാം വാർഡാണ് തൊമ്മൻകുത്ത്. രണ്ടായിരത്തിൽപരം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ദിനംപ്രതി നിരവധി സഞ്ചാരികൾ വന്നുപോകുന്ന ഇവിടെ അടിസ്ഥാന വികസനം ഇന്നും അന്യമാണ്.
ദിനംപ്രതി ഇവിടെ നിന്ന് അനേകായിരം രൂപയാണ് വരുമാനമായി വനം വകുപ്പിന് ലഭിക്കുന്നത്. ഈ തുകയുടെ പകുതിപോലും ഇവിടെ വികസനത്തിനായി വിനിയോഗിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. വർഷങ്ങൾക്കു മുമ്പ് തൊമ്മൻകുത്തിൽ മിനി പവർഹൗസിനുള്ള പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല.
മഴക്കാലമായാൽ തൊമ്മൻകുത്ത് പുഴയുടെ സമീപങ്ങളിൽ താമസിക്കുന്നവരുടെ ഉള്ളിൽ എന്നും ആധിയാണ്. പുഴയുടെ സമീപത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ഇത്രയധികം ജനസംഖ്യയുള്ള ഈ മേഖലയിൽ ഒരു സർക്കാർ ആശുപത്രിപോലും ഇല്ല. ഇവിടത്തുകാർക്ക് ചികിത്സ ആവശ്യമായാൽ കരിമണ്ണൂരോ തൊടുപുഴയിലോ എത്തണം.
മേഖലയിൽ ബാങ്കോ എ.ടി.എം സൗകര്യമോ ഇല്ലാത്തത് സഞ്ചാരികളെയും വലക്കുന്നു. തൊമ്മൻകുത്ത് നിവാസികൾക്ക് വില്ലേജ് ആവശ്യങ്ങൾക്കായി പോകേണ്ടത് നെയ്യശേരിയിലാണ്. തൊടുപുഴയിൽനിന്ന് ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്തിലേക്ക് നിലവിൽ ഒരു ബസുപോലും ഇല്ല. തൊമ്മൻകുത്തിൽ ബാങ്കും എ.ടി.എമ്മും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ലീഡ് ബാങ്ക് മാനേജർക്ക് കത്ത് നൽകിയതായി വാർഡ് അംഗം ബിബിൻ അഗസ്റ്റിൻ പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പിയും ലീഡ് ബാങ്ക് മാനേജർക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുള്ളതായി വാർഡ് അംഗം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.