ആഫ്രിക്കന്‍ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടി ജനം
text_fieldsപെരുമ്പാവൂര്‍: നഗരസഭയിലെ പല വാര്‍ഡുകളിലും ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമാകുന്നു. മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന ഇവയെ നശിപ്പിക്കുന്നതിന് വഴികൾ തേടുകയാണ് ജനം. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഒച്ചുകളുടെ വ്യാപനമുണ്ടായത്. അതിനുശേഷം പാടശേഖരങ്ങള്‍ ഉള്‍പ്പെടെ നനവുള്ള സ്ഥലങ്ങളില്‍ ഇവ വ്യാപകമാണ്. നഗരസഭയിലെ പാറപ്പുറം, കടുവാള്‍, കാഞ്ഞിരക്കാട്, വല്ലം മേഖലകളില്‍ ഇവയെ കൂട്ടമായി കാണുന്നുണ്ട്. ഒച്ചുശല്യം മൂലം കൃഷിചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കൃഷിയിടങ്ങളില്‍ ഇവ കൂട്ടമായി തങ്ങി വിളകള്‍ നശിപ്പിക്കും. വീടുകളുടെ ചുമരുകളിലും അകത്തും പറ്റിപ്പിടിച്ചിരിക്കുന്നത് പതിവാണ്. വെള്ളപ്പൊക്കത്തിനുശേഷമുള്ള മഴക്കാലങ്ങളിലെല്ലാം ഇവയുടെ വ്യാപനമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇതേക്കുറിച്ച് പഠിക്കാനും തടയാനുമുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനും വിദഗ്ധര്‍ പെരുമ്പാവൂരിലെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഒച്ചുശല്യം സാധാരണ സംഭവമായി തള്ളപ്പെടുകയാണെന്നാണ് ആക്ഷേപം.
ചില പ്രദേശങ്ങളില്‍ കുടുംബശ്രീക്കാരും റെസി. അസോസിയേഷനുകളും തൊഴിലുറപ്പ് തൊഴിലാളികളും അടക്കം പൊടിയുപ്പ് വിതറി നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പക്ഷേ, വീണ്ടും പതിന്മടങ്ങായി പെരുകുകയാണ്. ശാശ്വതപരിഹാരം സംബന്ധിച്ചും ബോധവത്കരണം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

